കോഴിക്കോട്: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ 27കാരിയായ തൃശൂര്‍ സ്വദേശി ഷമീന പിടിയില്‍. തിരുവമ്പാടി സ്വദേശിയുടെ പരാതിയിലാണ് യുവതിയെ അറസറ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി. കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ മാസമാണ് സംഭവം.
റിസോര്‍ട്ടില്‍ വച്ച് തിരുവമ്പാടി സ്വദേശിയായ വ്യവസായിയെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നായിരുന്നു കേസ്. കേസില്‍ ഒളിവിലായിരുന്ന ഷമീനയെ തിരുവമ്പാടി പൊലീസാണ് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് അവിടെ വച്ച് പ്രതിയെപിടികൂടിയത്. കേസിനാസ്പദമായ സംഭവത്തിനു ശേഷം ഇവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രധാന പ്രതികളായ കൂമ്പാറ സ്വദേശി ഡോണ്‍, തിരുവമ്പാടി സ്വദേശി ജോര്‍ജ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
പരാതിക്കാരനായ തിരുവമ്പാടി സ്വദേശിയുടെ ഉടമസ്ഥതതിലുള്ള റിസോട്ട് ഡോണും ജോര്‍ജും വാടകക്കെടുക്കുകയായിരുന്നു. പരാതിക്കാരനെ റിസോട്ടില്‍ വിളിച്ചു വരുത്തി ഷമീനയോടൊപ്പം നഗ്നനാക്കി നിറുത്തി ഫോട്ടോയും വീഡിയോയുമെടുക്കുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി 40000 രൂപ വാങ്ങിക്കുകയും ചെയ്തു. വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. സമാന സംഭവത്തില്‍ ഷമീനയുടെ പേരില്‍ കൊടുങ്ങല്ലുര്‍ ഉള്‍പ്പെടെ പല പൊലീസ് സ്റ്റേഷനുകളിലും പരാതിയുണ്ടൈന്നും പൊലീസ് പറഞ്ഞു.
താമരശേരി ഡി വൈ എസ്.പിയുടെ നിര്‍ദേശപ്രകാരം തിരുവമ്പാടി എസ്.ഐ സദാനന്ദന്‍, സ്വപ്‌നേഷ്, സ്വപ്ന, ജദീര്‍ എന്നിവരടങ്ങിയ സംഘമാണ് ഷമീനയെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഈ കേസില്‍ അനീഷ് എന്നൊരാളെ ഇനിയും പിടികൂടാനുണ്ട്. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നറിയാന്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.