കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് മാധ്യമപ്രവര്‍ത്തകയ്ക്ക് ഊമക്കത്ത്. ആക്രമണം നടി അര്‍ഹിച്ചിരുന്നതാണെന്നും ഒരുങ്ങി നടക്കുന്ന മറ്റ് നടിമാരും ഇതു തന്നെയാണ് അര്‍ഹിക്കുന്നതെന്നും കത്തില്‍ പറയുന്നു. മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകയും കഴിഞ്ഞ വര്‍ഷത്തെ രാം നാഥ് ഗോയങ്ക അവാര്‍ഡ് ജേതാവുമായ നിലീന അത്തോളിക്കാണ് കടുത്ത സ്ത്രീവിരോധം മനസില്‍ സൂക്ഷിയ്ക്കുന്ന വ്യക്തിയുടെ എട്ട് പേജ് നീണ്ട ഊമക്കത്ത് ലഭിച്ചത്. ഫേസ്ബുക്കിലൂടെയാണ് നിലീന ഇക്കാര്യം വെൡപ്പെടുത്തിയത്. കത്തിന്റെ സംക്ഷിപ്ത രൂപവും നിലീന തന്റെ പോസ്റ്റില്‍ പങ്കുവെയ്ക്കുന്നു.
ലൈംഗികാതിക്രമത്തെ അതിജീവിച്ചവര്‍ നന്നായി ജീവിക്കരുത്. കരഞ്ഞോ പുറത്തിറങ്ങാതെയോ കാലം കഴിക്കണമെന്നും കത്തില്‍ പറയുന്നു. കേസിലെ പ്രതിയായ ദിലീപും പള്‍സര്‍ സുനിയും പാവങ്ങളാണെന്നും കത്തില്‍ പരാമര്‍ശമുണ്ട്. അന്നു നടന്ന സംഭവത്തെ കുറിച്ച് നടിക്കോ അന്വേഷണ സംഘത്തിനോ പോലും അറിയാത്ത കാര്യങ്ങളാണ് കത്തില്‍ പരാമര്‍ശിക്കുന്നതെന്നും ഇയാളെ കണ്ടെത്തി ബോധവത്കരിക്കുകയാണെങ്കില്‍ ഭാവിയില്‍ ഒരു ലൈംഗികാതിക്രമം തടയാമെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കുന്നു.
നേരത്തെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിലീന ലേഖനമെഴുതിയിരുന്നു.
നിലീന അത്തോളിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
എനിക്കും കിട്ടി കൊറിയറായി ഒരു കവര്‍. മലമല്ല, പക്ഷെ അതിനേക്കാള്‍ ബീഭത്സമായ 8 പേജുള്ള ഒരെഴുത്ത്. അതിന്റെ സംക്ഷിപ്തം എന്നാല്‍ അറിയാവുന്ന നല്ല ഭാഷയില്‍ ഞാന്‍ പറയാം.
1. നടി ആക്രമണം ചോദിച്ചു വാങ്ങി.
2. ഒരുങ്ങി നടക്കുന്ന അവരും മറ്റ് നടിമാരും ഇത് അര്‍ഹിക്കുന്നു.
3. പോരാടുന്നവള്‍ക്ക് വേണ്ടി എഴുതുന്നവര്‍ കൈക്കൂലിക്കാര്‍.
4. ലൈംഗികാതിക്രമത്തെ അതിജീവിച്ചവര്‍ നന്നായി ജീവിക്കരുത്, കരഞ്ഞോ പുറത്തിറങ്ങാതെയോ കാലം കഴിച്ചോളണം.
5. സുനി പാവമാണ്, സുനി മാത്രമല്ല കുറ്റാരോപിതനായ ദിലീപും.
കിട്ടിയത് ഊമക്കത്താണ്. പേരില്ല. പക്ഷെ അക്രമിക്കപ്പെട്ട നടിയേക്കാളും പോലീസിനേക്കാളും കാറില്‍ നടന്ന സംഭവങ്ങള്‍ വ്യക്തമായി അറിയാവുന്ന തരത്തിലാണ് കത്തെഴുതിയത്.
ഇയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞാല്‍ ഭാവിയില്‍ ഒരു ലൈംഗികാതിക്രമം തടയാനാവും. അത്രയും സ്ത്രീ വിരുദ്ധനാണ്. മാത്രമല്ല. ബോല്‍ഡ് ആയ സ്ത്രീകള്‍ ലൈംഗികമായി അക്രമിക്കപ്പെടേണ്ടവരാണെന്ന മനോഭാവം വെച്ചു പുലര്‍ത്തുന്നയാളാണ് ഇയാള്‍.
ലൈംഗികാതിക്രമങ്ങള്‍ നടന്ന ശേഷം കുറ്റവാളിയെ കണ്ടു പിടിക്കുന്നതിനേക്കാള്‍ നല്ലതല്ലെ കുറ്റകൃത്യം കാലേക്കൂട്ടി തടയുന്നത്. ഇയാള്‍ക്ക് കൃത്യമായ ബോധവത്കരണവും ക്ലാസ്സും നല്‍കേണ്ട ബാധ്യത പൊതു സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്.