ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മര്‍ദിച്ച സംഭവത്തില്‍ വര്‍ക്ഷോപ് ഉടമകളെയും ജീവനക്കാരനെയും അറസ്റ്റ് ചെയ്തു.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായ ദമ്ബതികള്‍ വ്യാഴാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് പാലാ ഞൊണ്ടിമാക്കല്‍ കവലയിലുള്ള വാടകവീട്ടിലേക്ക് പോകുംവഴി ഭാര്യയോട് മോശമായ രീതിയില്‍ സംസാരിച്ചത് ഭര്‍ത്താവ് ചോദ്യംചെയ്തതോടെയാണ് മര്‍ദിച്ചത്.
ഒന്നും രണ്ടും പ്രതികളായ ശങ്കറിന്റെയും ജോണ്‍സണിന്റെയും വര്‍ക്ഷോപ്പായ ‘കാര്‍ നെസ്റ്റി’ന് സമീപമെത്തിയപ്പോള്‍ ശങ്കര്‍ യുവതിയെപ്പറ്റി മോശമായും ലൈംഗികച്ചുവയോടെയും സംസാരിച്ചു. ഭര്‍ത്താവും യുവതിയും ഇത് ചോദ്യംചെയ്തു. പ്രതികള്‍ ഭര്‍ത്താവിനെ കൈയേറ്റം ചെയ്യുകയും ഒന്നാംപ്രതി ആറുമാസം ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയുംചെയ്തു.
സംഭവത്തില്‍ വര്‍ക്ഷോപ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് കെ.എസ്. ശങ്കര്‍ (39), അമ്ബാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്സണ് (38), വര്‍ക്ഷോപ് തൊഴിലാളി മേവട വെളിയത്ത് സുരേഷ് (55) എന്നിവരെയാണ് പാലാ എസ്.എച്ച്.ഒ കെ.പി. തോംസണ്‍ അറസ്റ്റ് ചെയ്തത്. വര്‍ക്ഷോപ് ഉടമകളുടെ ആക്രമണത്തെക്കുറിച്ച് ദമ്ബതികള്‍ പൊലീസിനെ അറിയിക്കാന്‍ ശ്രമിക്കുന്നതിനിടെ കാറിടിച്ച് അപായപ്പെടുത്താനും ശ്രമിച്ചു.
വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഒന്നാം പ്രതി വര്‍ക്ഷോപ്പിലെ കാറില്‍ കടന്നുകളഞ്ഞിരുന്നു. ചവിട്ടേറ്റ യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയും പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും വിദഗ്ധ ചികിത്സക്ക് ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവ മെഡിസിറ്റിയിലേക്ക് മാറ്റുകയും ചെയ്തു. ഗര്‍ഭസ്ഥശിശുവിന്റെ ജീവന് അപകടത്തിലായ സാഹചര്യത്തിലാണ് പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. പാലാ ഡിവൈ.എസ്.പി ഷാജു ജോസ് പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചയാണ് ഒന്നും രണ്ടും പ്രതികളെ അമ്ബാറ നിരപ്പിലുള്ള റബര്‍തോട്ടത്തില്‍നിന്ന് പിടികൂടിയത്. മൂന്നാം പ്രതിയെ വീട്ടില്‍നിന്നാണ് പിടികൂടിയത്. എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐമാരായ എ.ടി. ഷാജി, ബിജു കെ. തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷെറിന് സ്റ്റീഫന്‍, ജസ്റ്റിന് ജോസഫ്, സിവില്‍ പൊലീസ് ഓഫിസര്‍ സി. രഞ്ജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.