മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; സ്ത്രീയടക്കം നാലുപേര്‍ പിടിയില്‍

കോട്ടയം: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് അത് തന്റേതാണെന്ന് വിചാരിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ സ്ത്രീയടക്കം നാലുപേരെ അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

വൈക്കം സ്വദേശികളാണ് പൊലീസ് പിടിയിലുള്ളത്. വൈക്കം സിറാജ് മന്‍സിലില്‍ സിറാജ്, ചാന്നിയില്‍ അനീഷ്, ചെമ്മനത്തുകര വെളിയില്‍ ഉണ്ണിക്യഷ്ണന്‍, പുത്തോട് സ്വദേശിനി പഴമ്പള്ളിയില്‍ സിജി തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശി ജിറ്റോയെ പൊലീസ് തെരയുന്നുണ്ട്. വിവിധ ലോഡ്ജുകളില്‍ എത്തിച്ചായിരുന്നു പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വിവിധ ലോഡ്ജുകളില്‍ എത്തിച്ച് തെളിവെടുത്തു. ഒളിവിലുള്ള ജിറ്റോയ്ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു

Top