‘കുടിവെള്ളം പോലും തരാതെ തന്നെ തടവിലാക്കിയിരിക്കുകയാണ്’;ഉന്നാവ് ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടി

ലഖ്‌നൗ: ജില്ലാ ഭരണകൂടത്തിനെതിരേ കടുത്ത ആരോപണവുമായി ഉന്നാവ് ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടി. ജില്ലാ അധികാരികള്‍ കുടിവെള്ളം പോലും നല്‍കാതെ ഹോട്ടല്‍മുറിയില്‍ തന്നെ തടവിലിട്ടിരിക്കുകയാണെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. ബലാത്സംഗക്കേസില്‍ ആരോപിതനായ ഉത്തര്‍പ്രദേശ് എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്റെ ആക്രമണത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് തിങ്കളാഴ്ച്ച മരിച്ചിരുന്നു. ഇതിനു ശേഷമാണ് പെണ്‍കുട്ടിയെയും കുടുംബത്തെയും ജില്ലാ ഭരണകൂടം ഹോട്ടല്‍മുറിയിലേക്ക് മാറ്റിയത്. എന്നാല്‍, ജില്ലാ മജിസ്‌ട്രേറ്റ് തന്നെയും കുടുംബത്തെയും തടവിലാക്കിയിരിക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. എംഎല്‍എ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പോലീസില്‍ നിന്ന് നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് 18 കാരിയായ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കസ്റ്റഡിയില്‍ വച്ച് പിതാവ് മരിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് കുല്‍ദീപിന്റെ സഹോദരന്‍ അതുല്‍ സിങ്ങിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top