കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വിജയം ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. നാല് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ ഭൂരിഭാഗം സ്ഥലത്തും ജയം സ്വന്തമാക്കി.
അസന്‍സോള്‍, ബിധാനഗര്‍, ചന്ദാനഗര്‍, സില്‍ഗുരി എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ നാല് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും മൃഗീയ ഭൂരിപക്ഷമുണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്. ഇതിനിടെ വിജയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ രംഗത്തെത്തി.
അസന്‍സോളില്‍ ആകെയുള്ള 106 വാര്‍ഡുകളില്‍ 54 വാര്‍ഡുകളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. ബി ജെ പി ഇവിടെ നാല് വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു. ബിധാന്‍നഗറില്‍ ആകെയുള്ള 41 വാര്‍ഡുകളില്‍ 39 വാര്‍ഡുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഒരു വാര്‍ഡില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.
ചന്ദനഗറില്‍ 32 വാര്‍ഡുകളില്‍ 19 വാര്‍ഡുകളില്‍ തൃണമൂല്‍ ലീഡ് ചെയ്യുന്നു. ഒരിടത്ത് ഇടതുമുന്നണി ലീഡ് ചെയ്യുന്നു. സിലിഗുരിയില്‍ ആകെയുള്ള 47 വാര്‍ഡുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 38 വാര്‍ഡുകളിലും ബി ജെ പിയും ഇടതുമുന്നണിയും 4 വീതം വാര്‍ഡുകളിലും ലീഡ് ചെയ്യുന്നുണ്ട്.
തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്തതിന് ഈ നാല് നഗരസഭകളിലെയും ജനങ്ങളെ മുഖ്യമന്ത്രി മമത ബാനര്‍ജി അഭിനന്ദിച്ചു. ”ഞങ്ങള്‍ക്ക് ഈ വിധി നല്‍കിയതിന് ആളുകളെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമാധാനപരമായാണ് തിരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണസംവിധാനവും ജനങ്ങളുടെ വോട്ട് ഉറപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. വോട്ടെടുപ്പില്‍ എവിടെയും കുഴപ്പമുണ്ടായില്ല. കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ വിധി നമ്മെ അനുവദിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന് മമത പറഞ്ഞു. ബിജെപി നിഷേധാത്മക രാഷ്ട്രീയം പിന്തുടരുകയാണെന്നും വടക്കന്‍ ബംഗാളിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും മമത ആഞ്ഞടിച്ചു.