തിരുവനന്തപുരം: പോലീസിന്റെ സുരക്ഷ ഇല്ലെങ്കിലും മല ചവിട്ടാനെത്തുമെന്ന തൃപ്തിയുടെ പ്രസ്താവന ആശങ്കകളുയര്‍ത്തുന്നു. കഴിഞ്ഞ ദിവസമാണ് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ ആ കത്തിന് മറുപടിയായി തൃപ്തിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് അറിയിച്ചു. പോലീസിന്റെ പ്രത്യേക സുരക്ഷ ഇല്ലെങ്കിലും ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി പ്രതികരിച്ചിട്ടുണ്ട്. ദര്‍ശനത്തിനിടയില്‍ തനിക്കോ സംഘത്തിലുള്ളവര്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെും തൃപ്തി അറിയിച്ചു.
ശബരിമലയില്‍ കയറാനെത്തുന്ന യുവതികളെ തടയുമെന്നാണ് സംഘപരിവാര്‍ പറയുന്നത്. ദര്‍ശനത്തിന് വരുമെന്ന് പറഞ്ഞ മഞ്ജുവിന്റെ വീട് സംഘപരിവാര്‍ തകര്‍ത്തിരുന്നു. എന്നാല്‍ ഇതൊന്നും തൃപ്തി ദേശായിയുടെ വിഷയത്തില്‍ കാണുന്നില്ലെന്നതാണ് തൃപ്തിയുടെ വരവിന് പിന്നീല്‍ സംഘപരിവാറിന്റെ കളിയാണോയെന്ന സംശയത്തിന് ശക്തി കൂട്ടുന്നത്. മഹാരാഷ്ട്ര സ്വദേശിയാണ് മല ചവിട്ടാനെത്തുന്ന തൃപ്തി ദേശായി. സംഘപരിവാറിനും ബിജെപിയ്ക്കും ശക്തമായ വേരോട്ടമുള്ള മഹാരാഷ്ട്രയില്‍ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധമോ അവിടെ തൃപ്തിയെ തടയാനോ ശ്രമിക്കുന്നില്ല.
തൃപ്തിയെ അവിടെവെച്ച് തടയാനും അവിടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടത്താനും ബിജെപിക്ക് കഴിയും. എന്നാല്‍ അത് ചെയ്യാതെ തൃപ്തിയെ കേരളത്തില്‍ എത്തിക്കാന്‍ അനുവദിക്കുന്നത് കേരളത്തില്‍ കലാപം നടത്താനുള്ള സംഘപരിവാറിന്റെ കളിയാണെന്ന് സോഷ്യല്‍മീഡിയയിലും ചര്‍ച്ചയുണ്ട്. തൃപ്തി ബിജെപി അനുഭാവിയാണെന്നും നേരത്തെ വാദങ്ങള്‍ ഉയര്‍ന്നിരുന്നു.
സുപ്രീംകോടതി ജനുവരി 22ന് തുറന്ന കോടതിയില്‍ ഈ വിഷയം പരിഗണിക്കുമെന്നിരിക്കെ മണ്ഡലകാലത്ത് തന്നെ മല ചവിട്ടാനെത്തുമെന്ന് തൃപ്തി ദേശായി നിര്‍ബന്ധം പിടിക്കുന്നതും സുരക്ഷ ഒരുക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും മല ചവിട്ടുമെന്ന് പറയുന്നതും ദുരൂഹമാണ്. തനിക്ക് ദര്‍ശന സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരാണ് ഉത്തരവാദിയെന്ന് തൃപ്തി പറഞ്ഞത് സര്‍ക്കാരിനെതിരെ വികാരം ജനിപ്പിക്കുന്നതിനാണോയെന്നും സോഷ്യല്‍മീഡിയയില്‍ ചോദ്യങ്ങളുയരുന്നുണ്ട്.
സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ യുവതികള്‍ ശബരിമലയിലെത്തിയിരുന്നു. ഇവര്‍ക്ക് നേരെ സംഘപരിവാറിന്റെ ആക്രമണവും ഉണ്ടായി. റിപ്പോര്‍ട്ടിങ്ങിനായി സന്നിധാനത്തേക്ക് പോകാനെത്തിയ സുഹാസിനി രാജ്, കവിതാ ജക്കാല, സരിതാ ബാലന്‍ എന്നിവര്‍ക്കും പോലീസിന്റെ പ്രത്യേക സുരക്ഷയില്‍ കവിതയ്‌ക്കൊപ്പമെത്തിയ രഹ്ന ഫാത്തിമയ്ക്കും ദര്‍ശനത്തിനായി എത്തുമെന്ന് പറഞ്ഞ പത്തനംത്തിട്ട സ്വദേശി ലിബിയ്ക്കും ബിന്ദു തങ്കം കല്യാണിയ്ക്കും കുറച്ചൊന്നുമല്ല അനുഭവിക്കേണ്ടി വന്നത്. ദളിത് മഹിളാ ഫെഡറേഷന്റെ നേതാവായ മഞ്ജുവിന്റെ വീടും ആക്രമിക്കപ്പെട്ടു. ബിന്ദു തങ്കം കല്യാണിയ്ക്ക് ഊരുവിലക്കും ഇപ്പോള്‍ ഒറ്റയ്ക്ക് താമസിക്കുന്ന അവര്‍ക്കും അവരുടെ മകളും സംഘപരിവാറിന്റെ തെറിവിളിയും ഭീഷണിയുമാണ്.