തൃശൂര്‍: തൃശൂര്‍ പൂരം എന്നു പറയുമ്പോള്‍ തന്നെ അതിന് മാറ്റു കൂടുന്നത് വെടിക്കെട്ടാണ്. തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ലെങ്കില്‍ പിന്നെന്ത് ഉത്സവം എന്ന് ചോദിക്കേണ്ട അവസ്ഥയാണ്. ക്ഷേത്രങ്ങളിലെ വെടിക്കെട്ട് നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതോടെ തൃശൂര്‍ പൂരത്തിന് ആശങ്ക നിലനില്‍ക്കുകയാണ്. വെടിക്കെട്ട് നടത്താനായില്ലെങ്കില്‍ തൃശൂര്‍ പൂരം വെറും ചടങ്ങ് മാത്രമാക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.
കുടമാറ്റമുള്‍പ്പെടെയുള്ള ചടങ്ങും ഒഴിവാക്കാനാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വ ബോര്‍ഡ് അംഗങ്ങള്‍ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഉന്നതല ഇടപെടല്‍ ആഴവശ്യപ്പെട്ട് ഇരു ദേവസ്വങ്ങളുടെയും സംയുക്ത യോഗം പ്രമേയം പാസാക്കി. അതേസമയം ഉത്സവങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കമെന്നാരോപിച്ച് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍കമ്മറ്റി നാളെ തൃശൂര്‍ തെക്കേ ഗോപുരനടയില്‍ ഉപവാസം സംഘടിപ്പിക്കും.
തൃശൂര്‍ പൂരത്തിന്റെ പ്രധാന വെടിക്കെട്ട് നടക്കുന്നത് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് രാത്രിയില്‍ ഉഗ്രശബ്ദത്തോടുകൂടിയുള്ള വെടിക്കെട്ട് നടത്തുവാനാകില്ല. രാത്രി 10 മണി മുതല്‍ ആറ് മണി വരെ വെടിക്കെട്ടിനുള്ള നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന പോലീസിന്റെ അറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ സംയുക്ത യോഗം ചേര്‍ന്നത്. ആശങ്കപരിഹരിക്കുന്നതിന് ഗൗരവതരമായ ഉന്നതതല ഇടപെടലുണ്ടായില്ലെങ്കില്‍ പൂരം ചടങ്ങ് മാത്രമായി ചുരുക്കേണ്ടി വരുമെന്നാണ് ദേവസ്വങ്ങളുടെ നിലപാട്.
വെടിക്കെട്ട് നിയന്ത്രണത്തില്‍ ഇളവ് ലഭിക്കാത്ത പശ്ചാതലത്തില്‍ കുടമാറ്റം ഒഴിവാക്കി മേളത്തോടെ ഒരു ആനയെ എഴുന്നള്ളിച്ച് പൂരം ചടങ്ങ് മാത്രമാക്കാനാണ് ദേവസ്വങ്ങളുടെ നീക്കം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഈ വിഷയം ചര്‍ച്ച ചെയ്യും. പൂരത്തിലെ രാത്രി വെടിക്കെട്ടിന് സുപ്രീം കോടതി 2007ല്‍ നല്‍കിയ ഇളവ് ഹൈക്കോടതിയെ ബോധ്യപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. അതേസമയം പൂരം അട്ടിമറിക്കാന്‍ ഗൂഡാലോചന നടക്കുന്നുവെന്നാരോപിച്ച് ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന് കമ്മറ്റി നാളെ തെക്കേ ഗോപുര നടയില്‍ ഉപവാസസമരം പ്രഖ്യാപിച്ചിട്ടുണ്ട്.