തൃശൂർ പൂരത്തിനുള്ള എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ ടിവി അനുപമ

തൃശൂർ: തൃശൂർ പൂരത്തിനുള്ള എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ. നീരുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകൾ മെയ് 11 മുതൽ 14 വരെ തൃശൂർ നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നളിക്കുന്നകാര്യം കോടതി വിധിക്കനുസരിച്ച് തീരുമാനിക്കുമെന്നും കളക്ടർ ടിവി അനുപമ പറഞ്ഞു.

നിലവിൽ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശൂർ ജില്ലാ കളക്ടർ ടിവി അനുപമ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നീരുള്ളതും ആരോഗ്യപ്രശ്നനങ്ങളുമുള്ള ആനകളെ എഴുന്നള്ളിക്കരുതെന്ന് ദേവസ്വങ്ങൾക്കും പൂരം സംഘാടകർക്കും കളക്ടർ നിർദ്ദേശം നൽകി. ശബ്ദം കേട്ടാൽ വിരണ്ടോടുന്ന ആനകളെയും ഉപയോഗിക്കാൻ പാടില്ല. ഇത്തരം ആനകൾ മെയ് 11 ,12, 13 ,14 ദിവസങ്ങളിൽ തൃശൂർ നഗരത്തിൽ പ്രവേശിക്കാൻ പോലും പാടില്ലെന്നാണ് നിർദ്ദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഴുന്നള്ളിക്കുന്ന ആനകളെ പരിശോധിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്ടർമാരുമടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക ആനയെ ഉദ്ദേശിച്ചല്ല വിലക്കെന്നും എല്ലാ ആനകൾക്കുമുള്ള പൊതു നിർദ്ദേശമാണെന്നും കളക്ടർ വ്യക്തമാക്കുന്നു.

അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ നാളെ ഹൈക്കോടതിയെടുക്കുന്ന തീരുമാനത്തിനനുസൃതമായി നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു.

Top