കല്‍പറ്റ: വയനാട് തലപ്പുഴ പേരിയയില്‍ പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്നലെ രാത്രി 11 മണിയോടെ പേര്യ ഉള്‍വനത്തിലാണ് സംഭവം. രണ്ട് മാവോയിസ്റ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്ന് സൂചന. നാലംഗ സംഘത്തില്‍ രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. രക്ഷപ്പെട്ട രണ്ട് പേരില്‍ ഒരാള്‍ക്ക് വെടിയേറ്റെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വനാതിര്‍ത്തികളില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് നാലംഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. ഇവര്‍ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തു, തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഈ സമയം അതീവ രഹസ്യമായിട്ടായിരുന്നു തണ്ടര്‍ബോള്‍ട്ടിന്‍ നീക്കം. ഉച്ചയോടെ തന്നെ തണ്ടര്‍ബോള്‍ട്ട് ചപ്പാരം കോളനി പരിസരത്തു നിലയുറപ്പിച്ചിരുന്നു. മാവോയിസ്റ്റുകള്‍ കോളനിയിലേക്ക് എത്തുന്ന ഓരോ നീക്കവും ദൂരെ നിന്നു നിരീക്ഷിച്ചു. ഏഴുമണിയോടെ നാലാംഗ സായുധ മാവോയിസ്റ്റ് സംഘം അനീഷിന്റെ വീട്ടിലെത്തിയെന്ന് മനസിലായതോടെ വീട് വളഞ്ഞു.
മാവോയിസ്റ്റുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പിടികൂടാനായിരുന്നു നീക്കം. എന്നാല്‍ അതിനിടയില്‍ വീട്ടുകാരില്‍ ഒരാള്‍ പുറത്തിറങ്ങി. വീട്ടുമുറ്റത്ത് തണ്ടര്‍ ബോള്‍ട്ടിനെ കണ്ടതോടെ ഇവര്‍ ബഹളം വച്ചു. ഇതോടെ തണ്ടര്‍ബോള്‍ട്ട് സംഘം ആകാശത്തേക്ക് വെടിവച്ചു, വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഈ സമയത്താണ് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടത്. വീടിന് അകത്തുണ്ടായിരുന്ന രണ്ടു പേര്‍ പൊലീസിന് നേരെ വെടിവച്ചു. വീട്ടിലേക്ക് കയറിയാണ്, ഇവരെ തണ്ടര്‍ ബോള്‍ട്ട് സംഘം കസ്റ്റഡിയില്‍ എടുത്തത്.