തിരുവനന്തപുരം: ആചാര സംരക്ഷണം ആവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതിയും ബിജെപിയും സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ നിന്ന് ബിഡിജെഎസ് നേതാക്കള്‍ വിട്ടുനിന്നു. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തില്ല. അറിയിക്കാന്‍ വൈകിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ലെന്നും തുഷാര്‍ വ്യക്തമാക്കി.
അതേസമയം, അയ്യപ്പജ്യോതിയില്‍ പങ്കെടുക്കണമെന്നോ പാടില്ലെന്നോ എസ്.എന്‍.ഡി.പി അംഗങ്ങളോടോ ബി.ഡി.ജെ.എസ് അംഗങ്ങളോടോ പറഞ്ഞിട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അയ്യപ്പജ്യോതിയില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയൊന്നും എടുക്കില്ല. അയ്യപ്പജ്യോതി എന്‍.എസ്.എസിന്റെ നേട്ടമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പറ്റില്ല. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കരുതെന്ന് തുഷാറിനോട് പറഞ്ഞിട്ടുമില്ല. വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് സംഘടനാ തലത്തില്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടണ്ടെന്നും വെള്ളാപ്പള്ളി വാര്‍ത്താചാനലിനോട് പ്രതികരിച്ചു.
വനിതാ മതില്‍ എന്ന ആശയം നവോത്ഥാനപരമാണ്. അതില്‍ ഏതു പാര്‍ട്ടിയില്‍ ഉള്ളവര്‍ക്കും പങ്കെടുക്കാം. വരാന്‍ പറ്റുന്ന എല്ലാ വനിതകളും രാഷ്ട്രീയഭേദമന്യേ പങ്കെടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റാണ്. അദ്ദേഹം കൂടി പങ്കെടുത്ത യോഗത്തിലാണ് വനിതാ മതിലിനോട് സഹകരിക്കാന്‍ തീരുമാനം എടുത്തത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ കേരളത്തിലുള്ള എല്ലാ യൂണിയനിലുമുള്ള ലക്ഷക്കണക്കിന് അംഗങ്ങള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രലക്ഷം പേര്‍ വരുന്ന കണക്ക് പറഞ്ഞ് ഇപ്പോള്‍ മേനി നടിക്കാന്‍ ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എന്നാല്‍, അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതെ തുഷാര്‍ വെള്ളാപ്പള്ളി വനിതാ മതിലില്‍ പങ്കെടുക്കുന്നത് ബിജെപിയെ പുറകോട്ടടിക്കുന്ന നിലപാടാണ്. ബിഡിജെഎസും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ ഊഷ്മളത കുറവാണെന്ന റിപ്പോര്‍ട്ടുകള്‍ സത്യമാകുകയാണ് ഇതിലൂടെ. രാഷ്ട്രീയ സഖ്യത്തിലുണ്ടായ വിടവ് നികത്താന്‍ ബിജെപി അധ്യക്ഷന് കഴിഞ്ഞിട്ടുമില്ല.