അലഹാബാദ്: ഗൂഗിളില്‍ ലോകത്തെ ടോപ്പ് ടെന്‍ ക്രിമിനല്‍ ലിസ്റ്റ് സേര്‍ച്ച് ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവരങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. മോദിയുടെ ചിത്രങ്ങളും വിവരങ്ങളും കാണിച്ചത് ഗൂഗിളിന് തെറ്റുപറ്റിയതാണോ അല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ ശരിയാണോ എന്നു പോലും പരിശോധിക്കാതെ കോടതി നോട്ടീസ് അയച്ചു.
സുശീല്‍ കുമാര്‍ മിശ്രയെന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഗൂഗിള്‍ സിഇഒയ്ക്കും ഗൂഗിള്‍ ഇന്ത്യന്‍ മേധാവിക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ ”ടോപ് ടെന്‍ ക്രിമിനല്‍സ് ഓഫ് ദ വേള്‍ഡ്” എന്നു തിരഞ്ഞാല്‍ കാണിക്കുന്ന ചിത്രങ്ങളില്‍ നരേന്ദ്രമോദിയുടെ ചിത്രങ്ങളും ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഇത്തരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ മോശമാക്കി ചിത്രീകരിക്കുന്നത് ഇന്ത്യന്‍ റിപ്പബ്ലിക്കിനോട് കാണിക്കുന്ന അനാദരവാണെന്നും സുശീലിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. താന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഗൂഗിളിനെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ഹര്‍ജി സമര്‍പ്പിച്ച സുശീല്‍ കുമാര്‍ ഗുപ്ത പറഞ്ഞു. സംഭവത്തില്‍ പൊലീസിലും പരാതി നല്‍കിയിരുന്നെന്നും ഗുപ്ത അറിയിച്ചു.
ടോപ് ക്രിമിനലുകള്‍ക്കായുള്ള ഗൂഗിളിലെ ഇമേജ് സെര്‍ച്ചില്‍ ഉസാമ ബിന്‍ ലാദന്‍, ദാവൂദ് ഇബ്രാഹിം തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് മോദിയുടെ ചിത്രങ്ങളും. ഇത് നേരത്തെ വാര്‍ത്തകളിലിടം നേടിയതോടെ ക്ഷമാപണവുമായി ഗൂഗിള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, സെര്‍ച്ചിലെ ഫലങ്ങള്‍ ഗൂഗിളിന്റെ അഭിപ്രായമോ വിശ്വാസമോ അല്ലെന്ന വ്യവസ്ഥ ഗൂഗിളിന്റെ സേര്ച്ചില് നിലനില്ക്കുന്നുണ്ട്. സെര്‍ച്ചിലെ ഫലങ്ങള്‍ ഗൂഗിളിന്റെ അഭിപ്രായമോ വിശ്വാസമോ അല്ലെന്നും സര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിളിന്റെ ആല്‍ഗൊരിതം ഓട്ടോമാറ്റിക്കായി പേജുകള്‍ തിരഞ്ഞെടുക്കുന്നതാണെന്നും ചിത്രങ്ങള്‍ തെളിയുന്ന പേജിനു മുകളില്‍ കാണാം.