സിനിമയ്ക്ക് ലിപ്ലോക്ക് ആവശ്യമായിരുന്നു. അത്തരം ലൗമേക്കിംഗ് സീനുകളില്ലാതെ പ്രണയം ഇത്ര മനോഹരമായി പറയുന്നതെങ്ങനെ എന്ന് മായാനദിയിലെ നായകനായ ടൊവിനോ. ഒരു അബിമുഖത്തിലാണ് ടൊവിനോ ചിത്രത്തിലെ രംഗത്തെക്കുറിച്ചും ചിത്രീകരിച്ച സമയത്തെ അനുഭവത്തെക്കുറിച്ചും തുറന്ന് പറഞ്ഞത്.
ടൊവിനോയുടെ വാക്കുകള്‍ ഇങ്ങനെ:
മായാനദിയെ മായാനദിയാക്കുന്നത് അപ്പുവിന്റെയും മാത്തന്റെയും പ്രണയമാണ്. സിനിമയ്ക്ക് ലിപ്ലോക്ക് ആവശ്യമായിരുന്നു. അതുകൊണ്ട് എന്തായാലും ചെയ്യണം. ചെയ്യുമ്പോള്‍ പരമാവധി ഭംഗിയായി ചെയ്യുക എന്നുമാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളൂ.
എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ആത്മവിശ്വാസം സിനിമയുടെ മേക്കേഴ്സ് തന്നെയായിരുന്നു. ആളുകള്‍ അശ്ലീലം എന്നുപറയുന്ന രീതിയില്‍ അവരത് ചിത്രീകരിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. സിനിമയെ പൂര്‍ണ്ണമാക്കുന്നത് ഈ രംഗങ്ങളാണ്. സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടത് കൊണ്ടാണ് അത്തരം രംഗങ്ങളില്‍ അഭിനയിച്ചത്. അല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലായിരുന്നു.
ഞങ്ങളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ മേക്കേഴ്സിന് സാധിച്ചു. ഈ ലൗവ് മേക്കിങ് സീനുകളില്ലാതെ എങ്ങനെയാണ് അപ്പുവിന്റെയും മാത്തന്റെയും പ്രണയം ഇത്ര മനോഹരമായി പറയാന്‍ സാധിക്കുക?
സിനിമ കാണാന്‍ കയറുന്നത് കൂടുതലും കുടുംബങ്ങളാണ്. ഞാന്‍ കണ്ട ഷോസിലൊന്നും ഒരാള്‍ പോലും മുഖം ചുളിക്കുകയോ എഴുന്നേറ്റ് പോവുകയോ ചെയ്തിട്ടില്ല. സിനിമയുമായി അത്രമേല്‍ ഇഴചേര്‍ന്നിരിക്കുന്ന രംഗങ്ങളായിരുന്നു അവയെല്ലാം.
സിനിമ കണ്ടിറങ്ങിയ പല അമ്മമാരും എന്നെ കണ്ടപ്പോള്‍ സ്നേഹപൂര്‍വ്വം വന്ന് കെട്ടിപിടിക്കുകയാണ് ചെയ്തത്. ആളുകള്‍ അതിനെ അശ്ലീലമായിട്ടല്ല, പ്രണയമായിട്ട് തന്നെയാണ് എടുത്തിരിക്കുന്നത്.