കാസര്‍കോടിന് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

suicide

കൊല്ലം: കാസര്‍കോട് ജില്ലയിലേക്കു സ്ഥലം മാറ്റിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. പ്രതിപക്ഷ സര്‍വീസ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരിലായിരുന്നു സ്ഥലംമാറ്റം. മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന പരിഗണനപോലും നല്‍കാതെയാണ് നടപടിയെടുത്തത്.

മഞ്ചേശ്വരം കടമ്പാര്‍ വില്ലേജ് ഓഫീസര്‍ കൊല്ലം കിളികൊല്ലൂര്‍ മൂന്നാംകുറ്റി സനാ ഓഡിറ്റോറിയത്തിനു സമീപം ലില്ലി കോട്ടേജില്‍ പോള്‍ തോമസ് (54) ആണു മരിച്ചത്. ജോലി സ്ഥലത്തുനിന്ന് അവധിക്കെത്തിയ പോള്‍ തോമസിനെ വീട്ടുവളപ്പിലെ തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍ജിഒ അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനാണ്. കൊല്ലത്തു ജോലി ചെയ്യവെ അസോസിയേഷന്‍ ജില്ലാ കൗണ്‍സിലര്‍ ആയിരുന്നു. കൊല്ലം കലക്ട്രേറ്റില്‍ അക്കൗണ്ട് സെക്ഷനില്‍ സീനിയര്‍ ക്ലാര്‍ക്കായിരിക്കെ ഓഗസ്റ്റിലാണു വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം കിട്ടിയത്. ജൂലൈ 28ന് ഇറങ്ങിയ പ്രമോഷന്‍ പട്ടികയില്‍ ലാന്‍ഡ്‌റവന്യു വകുപ്പിലെ 155 പേരെയാണു സ്ഥലം മാറ്റിയത്.

ഉത്തരവു കൈപ്പറ്റിയ ശേഷം പോള്‍ തോമസ് കടുത്ത സമര്‍ദ്ദത്തിലായിരുന്നവെന്നു ബന്ധുക്കള്‍ പറഞ്ഞു. നെഞ്ചുവേദനയെ തുടര്‍ന്നു നാലു ഡോക്ടര്‍മാരെ കണ്ടു. പോള്‍ തോമസിനേക്കാള്‍ സര്‍വീസ് കുറഞ്ഞ ഭരണാനുകൂല സര്‍വീസ് സംഘടനകളില്‍പ്പെട്ടവരെ തൃശൂര്‍, മലപ്പുറം, ഇടുക്കി, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളിലാണു നിയമിച്ചിരിക്കുന്നത്. ജില്ലയിലെ ഏറ്റവും സീനിയറായതിനാല്‍ തൃശൂര്‍ ജില്ലയിലെങ്കിലും കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ഇക്കാര്യം കാട്ടി ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

സര്‍വീസില്‍ നിന്നു വിരമിക്കാന്‍ ഒരു കൊല്ലവും 11 മാസവും മാത്രമാണെന്നതു കണക്കിലെടുക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് എട്ടിനു നിലവിലെ ജോലിയില്‍ നിന്നു വിട്ടു ഒരാഴ്ചത്തെ അവധിക്കു ശേഷം 16നാണു കാസര്‍കോട് വില്ലേജ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ചത്. കേരളകര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നിന്നു 17 കിലോമീറ്റര്‍ മാത്രം അകലെയുള്ള കടമ്പാര്‍ വില്ലേജില്‍ ഭാഷ പ്രശ്‌നമാണെന്നും നെഞ്ചുവേദനയ്ക്കു ശമനമില്ലെന്നും ഭാര്യയെയും മക്കളെയും പോള്‍ അറിയിച്ചിരുന്നു.

Top