കൊച്ചി :ജോലി ലഭിച്ചിട്ടും ജീവിക്കാന്‍ സാധിക്കാത്തതോടെ കൊച്ചി മെട്രോയില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ജോലി ഉപേക്ഷിച്ച് പോകുന്നു. ജോലി ലഭിച്ച 21 പേരില്‍ 12 പേര്‍ മാത്രമാണ് ഇപ്പോള്‍ മെട്രോയില്‍ തുടരുന്നുള്ളൂ. നഗരത്തില്‍ താമസ സൗകര്യം ലഭിക്കാത്തതാണ് ഇവര്‍ക്ക് പ്രശ്‌നം. ഉയര്‍ന്ന വാടക നല്‍കി ജോലിയില്‍ തുടരാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഇതോടെ മടങ്ങി പോവുകയല്ലാതെ ഇവര്‍ക്ക് മറ്റു വഴിയില്ല.നിലവില്‍ 10400 രൂപ ശമ്പളമായി ഇവര്‍ക്ക് കയ്യില്‍ ലഭിക്കും. പക്ഷേ വാടകയ്ക്ക് മുറി ചോദിച്ചിട്ട് ആരും നല്‍കുന്നില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നത് മാത്രമാണ് പ്രശ്‌നം. മുറി കൊടുക്കുന്നവര്‍ ഉയര്‍ന്ന വിലയും ഈടാക്കുന്നു. 600 രൂപ ദിവസ വാടക നല്‍കിയാണ് ഇവര്‍ താമസിക്കുന്നത്. 10000 രൂപ ശമ്പളം ലഭിക്കുന്നവര്‍ക്ക് മാസ വാടക 18000. ഇത്രയും വാടക നല്‍കി തുടരാനാവാതെ ഏറെ ആഗ്രഹിച്ച് കിട്ടിയ ജോലിയില്‍ നിന്ന് ഇവര്‍ ഒഴിഞ്ഞു പോവുകയാണ്.
ഇങ്ങനെ താമസം തുടരാന്‍ സാധിക്കാത്തതും ജോലി സ്ഥലത്തെ ഒറ്റപ്പെടലും ഇവരെ വേദനിപ്പിക്കുന്നുണ്ട്. വിപ്ലവകരമെന്ന് രാജ്യാന്തര തലത്തില്‍ വാഴ്ത്തപ്പെട്ട പ്രവര്‍ത്തനമാണ് ഈ നിലയില്‍ എത്തുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള പരിഗണന പ്രാവര്‍ത്തികമാണെങ്കില്‍ അവരുടെ ഈ പ്രശ്‌നവും പരിഹരിക്കാന്‍ സര്‍ക്കാരും കെഎംആര്‍എല്ലും തയ്യാറാകണം.രാഗരഞ്ജിനി എന്നിവർ ഇടപ്പളളി മെട്രോ സ്റ്റേഷനില്‍ ടിക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. 10,400 രൂപയാണ് രാഗരഞ്ജിനിക്ക് ശമ്പളമായി കൈയില്‍ കിട്ടുക. പക്ഷേ ഈ തുക കൊണ്ട് നഗരത്തില്‍ ജീവിക്കാനാവില്ലെന്ന് ഇവര്‍ പറയുന്നു. ശമ്പളത്തിലൊതുങ്ങും വിധമുളള വീടുകളോ മുറികളോ നഗരത്തില്‍ വാടകയ്ക്ക് കിട്ടാത്തതു തന്നെ കാരണം. മുറി ഇല്ലാഞ്ഞിട്ടല്ല,ട്രാന്‍സ്്ജെന്‍ഡറായതു കൊണ്ട് മുറി വാടകയ്ക്ക് നല്‍കാന്‍ ആരും തയാറാകാത്തതാണ് കാരണം. പ്രതിദിനം അറുന്നൂറ് രൂപ വാടക നല്‍കി ലോഡ്്ജ് മുറിയിലാണ് ഇന്ന് രാഗരഞ്ജിനി കഴിയുന്നത്. ഭീമമായ തുക വാടക നല്‍കി ഏറെ നാള്‍ ജോലിയില്‍ തുടരാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതേപ്രശ്നം മെട്രോയില്‍ ജോലിക്കെത്തിയ ട്രാന്‍സ്്ജെന്‍ഡര്‍ സമൂഹത്തിലെ എല്ലാവരും ഒരു പോലെ പങ്കുവയ്ക്കുന്നു. താമസിക്കാനിടം കിട്ടുന്നതില്‍ മാത്രമല്ല തൊഴിലിടത്തിലെ ഒറ്റപ്പെടലും ചിലരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മനം മടുത്ത് മെട്രോയിലെ ജോലി ഉപേക്ഷിച്ച് ലൈംഗികതൊഴിലിലേക്ക് തിരിഞ്ഞവര്‍ പോലുമുണ്ടെന്ന് ട്രാന്‍സ് സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫൈസലിന്‍റെ വെളിപ്പെടുത്തല്‍.വിപ്ലവകരം എന്ന് രാജ്യാന്തരതലത്തില്‍ തന്നെ വിലയിരുത്തപ്പെട്ട ഒരു നടപടിയാണ് തുടക്കത്തില്‍ തന്നെ പാളുന്നത്. ട്രാന്‍സ്്ജെന്‍ഡറുകള്‍ക്കൊപ്പമുണ്ടാകുമെന്ന എന്ന പരസ്യവാചകം ആത്മാര്‍ഥമെങ്കില്‍ അവരുടെ മുന്നിലെ ഈ സാമൂഹ്യപ്രശ്നങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.