കൊച്ചി: മഹാപ്രളയം കനത്ത നാശം വിതച്ച കേരളത്തില്‍ ചില വന്‍ മഴ പെയ്തിറങ്ങിയ ചില സ്ഥലങ്ങള്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ അതിജീവിച്ചു. തുടര്‍ച്ചയായി പെയ്ത മഴയില്‍ വിറങ്ങലിച്ചു നിന്ന ഇടുക്കിയിലെ ചില പ്രദേശങ്ങളാണ് ഈ അതിജീവനം നടത്തിയത്. പുറം ലോകവുമായി എല്ലാ ബന്ധങ്ങളും നഷ്ടമായ ജില്ലയിലെ ആദിവാസി മേഖലകളിലാണ് അത്ഭുതകരമായ സ്ഥിതിവിശേഷം ഉണ്ടായത്.
പ്രളയകാലത്ത് ഇടുക്കിയിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ട് പോയിരുന്നു. ജില്ലയില്‍ മാത്രം 350 ലേറെത്തവണ മണ്ണിടിച്ചില്‍ ഉണ്ടായതാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. മൂന്നാര്‍ നഗരം വെള്ളത്തില്‍ മുങ്ങിയപ്പോഴും 280 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തായി കിടക്കുന്ന പഴയ മൂന്നാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗത്ത് ഒരിക്കല്‍ പോലും മണ്ണിടിച്ചില്‍ ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയമാകുന്നത്. നീലക്കുറിഞ്ഞിക്ക് പുറമേ വരയാടുകള്‍ കൂടി കാണപ്പെടുന്ന പ്രദേശമാണ് പഴയ മൂന്നാര്‍ വന്യജീവി സങ്കേത പ്രദേശം.
മുതുവാന്‍, മലപ്പുലയ വിഭാഗങ്ങളിലെ 5000ത്തിലധികം ആദിവാസികളാണ് കാടിനോട് ചേര്‍ന്ന ഈ മേഖലയില്‍ ജീവിക്കുന്നത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഒന്നും ഇവിടെ ഇല്ല എന്നതാണ് മണ്ണിടിച്ചില്‍ ഒഴിവാകാനുള്ള പ്രധാന കാരണമായി ജില്ലാ ഭരണകൂടം കണക്കാക്കുന്നത്. മറ്റിടങ്ങളില്‍ മണ്ണിടിഞ്ഞതിനാല്‍ ഗതാഗതം സ്തംഭിച്ച് ഒറ്റപ്പെട്ടുപോയി എന്നതൊഴിച്ചാല്‍ യാതൊരു പ്രശ്‌നവും ഇവിടങ്ങളില്‍ ഉണ്ടായില്ല
വന്യജീവി സങ്കേതപ്രദേശത്ത് താമസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ പ്രകൃതിയോടിണങ്ങുന്ന വീടുകളാണ് നിര്‍മ്മിക്കുന്നതെന്നും ഈ പ്രദേശങ്ങളില്‍ കോണ്ക്രീറ്റ് ഉപയോഗിക്കാറില്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെളിയും മുളയും പുല്ലും കൊണ്ടുള്ള ചെറിയ വീടുകളാണ് ഇവര്‍ ഉണ്ടാക്കുന്നത്. കനത്ത മഴ ഉണ്ടായിട്ടു പോലും ഒരു തരത്തിലുള്ള നാശനഷ്ടങ്ങളും വീടുകള്‍ക്ക് സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ നേരിട്ട് വിലയിരുത്തിയിട്ടുണ്ട്.
മൂന്നാര്‍ ഭാഗത്ത് പുനര്‍നിര്‍മ്മാണം നടത്തുമ്പോള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ നിര്‍മ്മാണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയാണെങ്കില് ഭാവിയില്‍ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെ കുറയ്ക്കാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളില്‍ പ്രളയം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. വീടുകളും കൃഷിയിടങ്ങളും പൂര്‍ണമായും തകര്‍ന്നിരുന്നു. കാര്‍ഷിക തൊഴില്‍മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ജില്ലയിലുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.