മുത്തലാക്ക് ഭരണഘടനാവിരുദ്ധവും ക്രൂരവും പൈശാചികവും; തലാക്ക് ചൊല്ലിയുള്ള വിവാഹ മോചനത്തിനെതിരെ അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: ഇസ്ലാമിലെ മൂന്ന് തവണ തലാക്ക് ചൊല്ലിയുള്ള വിവാഹമോചന രീതി നിയമവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. മുത്തലാക്ക് ഭരണഘടനാവിരുദ്ധവും ക്രൂരവും പൈശാചികവുമാണ്. മുത്തലാക്കിലൂടെ മുസ്ലിം പുരുഷന്മാര്‍ അനിയന്ത്രിതവും ഏകപക്ഷീയവുമായ അധികാരം അനുഭവിക്കുന്നു. വിധിയില്‍ കോടതി വ്യക്തമാക്കി. മുത്തലാക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ മുത്തലാക്ക് നിരോധിക്കുന്നത് മതസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരാണെന്നാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്. വിഷയം സജീവ ചര്‍ച്ചയായിരിക്കെയാണ് ഹൈക്കോടതി വിധി.

മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെയും വിധിയില്‍ നിശിതമായി വിമര്‍ശിച്ചു. ഭരണഘടനക്ക് മുകളിലല്ല വ്യക്തിനിയമ ബോര്‍ഡെന്ന് കോടതി വ്യക്തമാക്കി. പ്രവാചകനും വിശുദ്ധ ഖുറാനും പറഞ്ഞതിന് വിരുദ്ധമായാണ് ഇന്ത്യയില്‍ മുസ്ലിം വ്യക്തിനിയമം നടപ്പാക്കുന്നത്. സ്ത്രീകളുടെ വിവാഹ മോചനത്തിനുള്ള അവകാശം സംബന്ധിച്ചും നിയമത്തില്‍ പിശകുണ്ട്. ഒരു മതവിഭാഗത്തിന്റെ വ്യക്തിനിയമവും ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന് മുകളിലല്ല. ജസ്റ്റിസ് സുനില്‍ കുമാര്‍ ദ്വിവേദി വ്യക്തമാക്കി. മുത്തലാക്കിനിരയായ യുവതിയുടെ ഹര്‍ജി തീര്‍പ്പാക്കിയാണ് വിധി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്ലിം സ്ത്രീകള്‍ ഈ ക്രൂരത എല്ലാ സമയത്തും സഹിക്കണോയെന്ന ചോദ്യം കോടതിയെ അസ്വസ്ഥമാക്കുന്നു. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ മാത്രം ഒരു രാജ്യത്തെ നിര്‍ണയിക്കില്ല. മനുഷ്യ വികാസവും സ്ത്രീകളെ സമൂഹം പരിഗണിക്കുന്നതും ഇതിന്റെ അളവുകോലാണ്. സാമൂഹ്യ പരിവര്‍ത്തനമാണ് ഭരണഘടനയിലധിഷ്ടഠിതമായ നിയമനിര്‍മാണത്തിന്റെ ലക്ഷ്യം. രാജ്യത്തെ വലിയൊരു വിഭാഗമാണ് മുസ്ലിം സമുദായം. മതത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കരുത്.

വ്യക്തിനിയമത്തിന്റെ പേരിലുള്ള ലിംഗവിവേചനം രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ താത്പര്യമല്ല. ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയെ രൂപപ്പെടുത്തുന്നതിന് മുത്തലാക്ക് തടസ്സമാണ്. വിവാഹമോചനം നല്ല കാര്യമായല്ല ഖുറാന്‍ കാണുന്നത്. ഒരു തരത്തിലും യോജിച്ചുപോകാനാവില്ലെന്ന് ഇരുവര്‍ക്കും ബോധ്യപ്പെട്ടാല്‍ അവസാന പരിഹാരമെന്ന നിലയില്‍ തലാക്ക് ആകാമെന്നാണ് ഖുറാന്‍ പറയുന്നത്. എല്ലാ മുസ്ലിം വിഭാഗവും ഇത് നടപ്പാക്കുന്നുമില്ല. കോടതി നിരീക്ഷിച്ചു.

മുത്തലാക്കുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഫെയ്സ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും മുത്തലാക്കിനിരയായവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. മുത്തലാക്കിന്റെ പേരില്‍ സ്ത്രീകളുടെ ജീവിതം നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. മുസ്ലിം സമുദായത്തിലെ സ്ത്രീ മുന്നേറ്റത്തിനും വരാനിരിക്കുന്ന സുപ്രീംകോടതി വിധിയെയും സ്വാധീനിക്കുന്നതാണ് അലഹബാദ് ഹൈക്കോടതി ഉത്തരവ്.

Top