തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു. ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. നഗരത്തിലെ തമ്പാനൂര്‍,കരമന, അട്ടക്കുളങ്ങര, പാളയം, ഓവര്‍ബ്രിഡ്ജ് തുടങ്ങിയ മേഖലകളിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എട്ട് സ്‌ക്വാഡുകളായി വിവിധ ഹോട്ടലുകളില്‍ പരിശോധനയ്‌ക്കെത്തിയത്. ചില ഹോട്ടലുകളില്‍നിന്ന് ഒരാഴ്ചയോളം പഴക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ദിവസങ്ങളോളം ഫ്രീസറില്‍ സൂക്ഷിച്ച ചിക്കന്‍ വിഭവങ്ങളും ഫ്രൈഡ് റൈസും ഉള്‍പ്പെടയുള്ളവയാണ് പിടികൂടിയത്. പല ഹോട്ടലുകളിലും കോഴിയിറച്ചി ശരിയായി വൃത്തിയാക്കാതെയാണ് പാചകം ചെയ്യുന്നതെന്നും കണ്ടെത്തി.
പങ്കജ്, ചിരാഗ് തുടങ്ങിയ ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍നിന്നും, ബുഹാരി, ബിസ്മി, ആര്യാസ്, എം.ആര്‍.എ. തുടങ്ങിയ പ്രമുഖ ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തെന്നാണ് വിവരം. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കോര്‍പ്പറേഷന്‍ മേയര്‍ ഉച്ചയോടെ പുറത്തുവിടും.
വൃത്തിഹീനമായ നിലയില്‍ അടുക്കള പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തു. പരിശോധനകള്‍ ഇനിയും തുടരുമെന്നും കൃത്യമായ ഇടവേളകളില്‍ ഇത്തരം പരിശോധനകള്‍ നടക്കുന്നതിനാല്‍ ഹോട്ടലുകളിലെ ശുചിത്വം മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.
പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. ആദ്യഘട്ടത്തില്‍ ഇവര്‍ക്കെതിരെ പിഴ ചുമത്തും. ആവര്‍ത്തിക്കുകയാണെങ്കില്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കുമെന്നും പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളുടെ പേരുവിവരം പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.