പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കടലില്‍ ഇറങ്ങിയ ലൈഫ് ഗാര്‍ഡിനെ കാണാതായി; തെരച്ചില്‍ തുടരുന്നു

ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെട്ട് ലൈഫ് ഗാര്‍ഡിനെ കാണാതായി. ചെറിയതുറ സ്വദേശി ജോണ്‍സണ്‍ ഗബ്രിയേലിനെയാണ് കാണാതായത്. ശംഖുമുഖം കടല്‍പ്പുറത്ത് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

സംഭവത്തിനുശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് തെരച്ചിലിനായി കോസ്റ്റ് ഗാര്‍ഡിന്‍റെ ബോട്ട് പോലും എത്തിയതെന്ന ആരോപണം ശക്തമാണ്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പെണ്‍കുട്ടി കടലില്‍ ചാടുന്നത് കണ്ട് രക്ഷിക്കാന്‍ ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങി. എന്നാല്‍ ശക്തമായ തിരയില്‍പ്പെട്ട് ജോണ്‍സണ് ബോധം നഷ്ടമായതോടെ ആഴത്തിലേക്കു താണുപോകുകയായിരുന്നു. മറ്റു ലൈഫ് ഗാര്‍ഡുമാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ രക്ഷിക്കുകയും ചെയ്തു. ചിലര്‍ ജോണ്‍സണെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ തിരയടിച്ച് ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ജോണ്‍സണെ കണ്ടെത്തുന്നതിനായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

Top