അച്ഛനമ്മമാരെയും അനിയത്തിയെയും കുഞ്ഞമ്മയെയും കൊന്നിട്ട് ഒളിവില്‍പോയ കേഡല്‍ ജീന്‍സണ്‍ പിടിയില്‍

തിരുവനന്തപുരം :അച്ഛനമ്മമാരെയും അനിയത്തിയെയും കുഞ്ഞമ്മയെയും കൊന്നിട്ട് ഒളിവില്‍പോയ കേഡല്‍ ജീന്‍സണ്‍ പിടിയില്‍.തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ട്രയിനില്‍നിന്നാണ് ആര്‍പിഎഫ് കേഡലിനെ പിടികൂടിയത്. ഇയാള്‍ തമ്പാനൂരില്‍ എത്തിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ കര്‍ശന പരിശോധന നടത്തിവരികയായിരുന്നു പൊലീസ് സംഘം.ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ. ജീന്‍ പത്മ (58), ഭര്‍ത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകള്‍ കരോലിന്‍ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.‌മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്‍ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങള്‍ കത്തിച്ചതാകാമെന്നാണ് കരുതുന്നത്. കൊലപാതകം ആസൂത്രിതമായും വ്യക്തമായ പദ്ധതിയോടെയും നടത്തിയതാണെന്ന നിഗമനത്തിലാണു പൊലീസ്. കൃത്യം നടന്ന വീട്ടില്‍നിന്നു ലഭിച്ച തെളിവുകളും അതിനെ സാധൂകരിക്കുന്നതാണെന്നു പൊലീസ് പറയുന്നു. തുണി, ഇരുമ്പു കമ്പി, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു മനുഷ്യരൂപവും പകുതി കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന എല്ലാവരും തീപിടിത്തത്തില്‍ കൊല്ലപ്പെട്ടുവെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമാണു ഡമ്മി കത്തിച്ചതെന്നാണു നിഗമനം. വീടിന്റെ രണ്ടാമത്തെ നിലയില്‍നിന്നു കണ്ടെത്തിയ മഴു, വെട്ടുകത്തി എന്നിവയില്‍ രക്തം പുരണ്ടിട്ടുണ്ട്.murder1

സ്വന്തം അച്ഛനമ്മമാരെയും അനിയത്തിയെയും കുഞ്ഞമ്മയെയും കൊന്ന് കത്തിച്ച കേഡല്‍ ജിന്‍സന്‍ ഇതിനായി മാസങ്ങള്‍ നീണ്ട ആസൂത്രണം നടത്തിയതായി സൂചന. കുറച്ചു മാസം മുമ്പു പഠനം കഴിഞ്ഞ് ഓസ്‌ട്രേലിയയില്‍നിന്നു മടങ്ങിവന്ന കേഡല്‍ ജിന്‍സന്‍ അടുത്ത ദിവസങ്ങളായി വീട്ടില്‍തന്നെയുണ്ടായിരുന്നു. എപ്പോള്‍ നോക്കിയാലും കംപ്യൂട്ടറില്‍ എന്തോ ചെയ്തുകൊണ്ടിരുന്ന കേഡല്‍ ഈ സമയമത്രയും കൊലപാതകത്തിനുള്ള ആസൂത്രണം നടത്തുകയായിരുന്നെന്നാണു കരുതുന്നത്. പ്രതിയെന്നു പോലീസ് സംശയിക്കുന്ന കേഡല്‍ ജിന്‍സണ്‍ രാജ കംപ്യൂട്ടര്‍ രംഗത്തെ അഗ്രഗണ്യന്‍. എംബിബിഎസ് പഠനത്തിനായി കേഡലിനെ മാതാപിതാക്കള്‍ ഫിലിപ്പീന്‍സിലേക്ക് അയച്ചെങ്കിലും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച് മടങ്ങിയെത്തി. തനിക്ക് മെഡിക്കല്‍ പഠനമേഖലയുമായി യോജിക്കാനാവുന്നില്ല കംപ്യൂട്ടറാണ് തന്റെ ജീവിതമെന്നു കേഡല്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഫിലിപ്പീന്‍സില്‍ നിന്ന് നാട്ടിലെത്തിയ ഇയാളെ കംപ്യൂട്ടര്‍ എന്‍ജീനിയറിംഗ് പഠനത്തിനായി തുടര്‍ന്ന് മാതാപിതാക്കള്‍ ഓസ്ട്രലിയയിലേക്ക് അയച്ചു. എന്നാല്‍, അധികനാള്‍ തികയും മുമ്പ് എന്‍ജീനിയറിംഗ് പഠനവും പാതിവഴിയില്‍ ഉപേക്ഷിച്ച് 2009ല്‍ കേഡല്‍ നാട്ടിലേക്ക് മടങ്ങി വന്നു. കംപ്യൂട്ടറിനോടുള്ള അമിതമായ മോഹം കേഡലിനെ കൂടുതല്‍ സമയം അതിനു മുന്നില്‍ തളച്ചിട്ടു.കംപ്യൂട്ടറുകള്‍ക്ക് കൃത്രിമ ബുദ്ധിനല്‍കി പ്രവര്‍ത്തിപ്പിക്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രഗത്ഭനായിരുന്നു ഇയാള്‍. വീട്ടിലിരുന്നു സ്വന്തമായി വികസിപ്പിച്ചെടുത്ത ഗെയിം സേര്‍ച്ച് എന്‍ജിന്‍ കേഡല്‍ ഓസ്ട്രലിയന്‍ കമ്പനിക്ക് വിറ്റു. അതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചായിരുന്നു പിന്നീടുള്ള ജീവിതം. ഇടയ്ക്ക് കുറച്ചു നാള്‍ ഓസ്‌ട്രേലിയയില്‍ ജോലിക്കായി പോയിരുന്നതായും അടുത്ത കാലത്ത് വീണ്ടും ഓസ്‌ട്രേലിയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇയാളെന്നും മരിച്ച രാജതങ്കത്തിന്റെ സുഹൃത്ത് പറയുന്നു.tvm-crime-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകന്റെ വിദ്യാഭ്യാസത്തിനെക്കുറിച്ചും ജോലിയെക്കുറിച്ചും അന്വേഷിക്കുമ്പോള്‍ പലപ്പോഴും രാജ ഒഴിഞ്ഞുമാറുമായിരുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ ജനിച്ചതിനാല്‍ കുട്ടിക്കാലം മുതലേ ആഢംബര ജീവിതമായിരുന്നു കേഡലിന്റേത്. മാതാപിതാക്കളുടെ വാത്സല്യവും വേണ്ടുവോളം കുട്ടനെന്ന ഓമനപ്പേരുള്ള കേഡലിനു ലഭിച്ചിരുന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ഇഷ്ടപ്പെടാത്ത കൂട്ടത്തിലായതിനാല്‍ ബന്ധുക്കളും നാട്ടുകാരും വളരെ അപൂര്‍വമായെ ഇയാളെ കണ്ടിട്ടുള്ളൂ. കൊലപാതകത്തിനു ശേഷവും യാതൊരു ഭാവമാറ്റവും ഇല്ലാതെ പെരുമാറാന്‍ കേഡലിനു സാധിച്ചതാണ് ജോലിക്കാരെയും ബന്ധുക്കളെയും അത്ഭുതപ്പെടുത്തുന്നത്. കേഡലിന്റെ കൂര്‍മബുദ്ധിയുടെ തെളിവാണ് വീട്ടില്‍ നിന്നും പാതി കത്തിയെരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഡമ്മി. അഗ്‌നിബാധയില്‍ താനടക്കമുള്ള കുടുംബത്തിലെ എല്ലാവരും കത്തിയമര്‍ന്നതായി ബോധ്യപ്പെടുത്താനുള്ള ശ്രമമായിരുന്നു ഡമ്മി പ്രയോഗം.

വീടിനു തീയിട്ട ശേഷം മതില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ച കേഡലെ സമീപവാസികള്‍ കണ്ടതാണ് കേസില്‍ വഴിത്തിരിവായത്. കൂടാതെ വീട്ടുജോലിക്കാരിയുടെ ശ്രദ്ധയില്‍പ്പെട്ട കാലിലെ പൊള്ളലും. സുകുമാരക്കുറുപ്പിനെ അനുകരിക്കുന്ന രീതിയിലുള്ള ആസൂത്രണമാണ് കേഡല്‍ നടത്തിയിരിക്കുന്നത്. തന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഡമ്മിയില്‍ പ്രയോഗിച്ചു. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അടക്കം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ചു നാടുവിടാനുള്ള ശ്രമം എന്തിനായിരുന്നു എന്നതാണ് പോലീസിനെ കുഴയ്ക്കുന്ന ചോദ്യം. തമിഴ്‌നാട്ടിലേക്കു കടന്നുവെന്നു സംശയിക്കുന്ന പ്രതിയെ പിടികൂടാനായി പോലീസ് വലവിരിച്ചു കഴിഞ്ഞു. തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വസതിക്കു 150 മീറ്റര്‍ മാത്രം ദൂരത്തു നടന്ന ദാരുണമായ കൂട്ടക്കൊലപാതകം പോലീസിനു കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.രാജയെും ഭാര്യയെയും ഫോണില്‍ വിളിച്ച് കിട്ടാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയവര്‍ക്ക് മുന്നില്‍ എല്ലാവരും ഊട്ടിക്കുപോയെന്നു പറഞ്ഞ് അഭിനയിക്കാന്‍ സാധിച്ചത് പ്രതിയുടെ ക്രിമിനല്‍ ബുദ്ധിയാണെന്നു പോലീസ് വിലയിരുത്തുന്നു. ശനിയാഴ്ച വൈകുന്നേരം കേഡല്‍ താഴത്തെ നിലയില്‍ ടെലിവിഷന്‍ കാണുന്നത് വീട്ടുജോലിക്കാരി പുറത്തുനിന്നു കണ്ടിരുന്നു. ഇതിനു ശേഷം അര്‍ധരാത്രിയോടെയാണ് വീടിനു തീപിടിക്കുന്നതും സംഭവം പുറംലോകമറിയുന്നതും .

Top