ജറുസലം: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ജറുസലം പ്രഖ്യാപനത്തിൽ പ്രതിഷേധം അണയുന്നില്ല. വെസ്റ്റ്ബാങ്കിലും ഗാസയിലും ഇന്നലെയും പ്രതിഷേധപ്രകടനം നടന്നു. ഗാസയിലെ ഖാൻ യുണിസ് പട്ടണത്തിൽ മുഹമ്മദ് അൽ മാസ്റി എന്ന മുപ്പതുകാരൻ ഇസ്രേലി സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു. വെസ്റ്റ്ബാങ്കിലും ഗാസയിലുമായി 200ലധികം പേർക്കു ടിയർഗ്യാസ് പ്രയോഗത്തിലും മറ്റുമായി പരിക്കേറ്റിട്ടുണ്ട് . രണ്ടിടത്തുമായി മൂന്നു പലസ്തീൻകാർക്കു വെടിയേറ്റതായി റെഡ് ക്രസന്‍റ് അറിയിച്ചു.
ജറുസലമിലെ പഴയ നഗരത്തിൽ സ്ഥിതിചെയ്യുന്ന അൽ അക്സ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കെത്തിയ രണ്ടായിരം പേർ മുദ്രാവാക്യം വിളിച്ചശേഷം പിരിഞ്ഞുപോയി. ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കാനും അമേരിക്കയുടെ ടെൽ അവീവിലെ എംബസി ജറുസലമിലേക്കു മാറ്റാനും ട്രംപ് ഉത്തരവിറക്കിയത് ബുധനാഴ്ചയാണ്. കിഴക്കൻ ജറുസലമിനെ തങ്ങളുടെ ഭാവിരാജ്യത്തിന്‍റെ തലസ്ഥനമായി പലസ്തീൻകാർ കരുതുന്നു. ട്രംപിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ മേഖല സംഘർഷഭരിതമായി.
ജോർദാൻ, ഇറാൻ, ഇന്തോനേഷ്യ, മലേഷ്യ, പാക്കിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഇന്നലെ അമേരിക്കാവിരുദ്ധ പ്രകടനങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി.അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ അൽക്വയ്ദ ഭീകര സംഘന ജിഹാദിന് ആഹ്വാനം ചെയ്തു. ഇരു രാജ്യങ്ങളുടെയും പ്രധാന കേന്ദ്രങ്ങളെ ആക്രമിക്കാനാണ് ആഹ്വാനം. പലസ്തീൻകാർ വീണ്ടും ജനകീയ പ്രക്ഷോഭത്തിനിറങ്ങണമെന്നു ഹമാസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
ട്രംപിന്‍റെ പ്രഖ്യാപനത്തിൽ അമേരിക്കയുടെ സഖ്യകക്ഷികളായ യൂറോപ്യൻ രാജ്യങ്ങളടക്കം ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഇന്നലെ ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരിയുമായി കൂടിക്കാഴ്ച നടത്തി. സമാധാനത്തിനായി മാക്രോൺ ആഹ്വാനം ചെയ്തു. ട്രംപിന്‍റെ തീരുമാനം പലസ്തീൻ സമാധനപ്രക്രിയയെ സങ്കീർണമാക്കുമെന്ന് ഹരീരി പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ജമാ അത്ത് ഉദ്ദവ നേതാവുമായ ഹാഫീസ് സയിദിന്‍റെ നേതൃത്വത്തിൽ ഇന്നലെ ലാഹോറിൽ ട്രംപ് വിരുദ്ധ റാലി നടന്നു. അമേരിക്കയ്ക്കും ട്രംപിനുമെതിരേ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് സയിദ് തുടക്കമിട്ടത്. വീട്ടുതടങ്കലിൽനിന്നു മോചിതനായ സയിദ് ആദ്യമായിട്ടാണ് പൊതുപരിപാടിയിൽ പങ്കെടുത്തത്.വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷമാണ് ജെയുഡി ആസ്ഥാനത്ത് റാലിക്കു തുടക്കമിട്ടത്.നവംബർ 24നാണ് പാക് അധികൃതർ സയിദിനെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചത്. ഇന്ത്യയും അമേരിക്കയും വലിയ പ്രതിഷേധം രേഖപ്പെടുത്തി. സയിദിന്‍റെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.