വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെതിരെ വീണ്ടും ലൈംഗീകാരോപണം. പ്രസിഡന്റ് ട്രംപ് പോണ്‍ നടി സ്റ്റെഫാനി ക്ലിഫോര്‍ഡുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
താനുമായുള്ള ബന്ധം മറച്ചുവയ്ക്കുന്നതിന് സ്റ്റോമി ഡാനിയല്‍സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ലിഫോര്‍ഡിന് 1,30,000 ഡോളര്‍ ട്രംപ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 38കാരിയായ സ്റ്റോമി ഡാനിയല്‍സ് 2016ലാണ് അഭിനയം അവസാനിപ്പിച്ചത്. 2006ല്‍ നടന്ന ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതും അടുപ്പത്തിലായതുമെന്നാണ് സൂചന.
ട്രംപിന്റെ വിവാഹശേഷമായിരുന്നു ഇത്. 2005ലാണ് ട്രംപ് മെലാനിയയെ വിവാഹം കഴിച്ചത്. അന്നത്തെ ചിലപത്രങ്ങളില്‍ ട്രംപ്-മെലാനിയ ബന്ധത്തില്‍ വിള്ളല്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ട്രംപ് അത് നിഷേധിച്ചിരുന്നു. അതേസമയം ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്തകള്‍ സംബന്ധിച്ച് ട്രംപോ സ്റ്റോമി ഡാനിയല്‍സോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ഇതേക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നുമായിരുന്നു സ്റ്റോമി ഡാനിയല്‍സിന്റെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്സണ്‍ പറഞ്ഞത്. നേരത്തെ, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്തും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപിനെതിരെ നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 16 ലൈംഗികാരോപണങ്ങളാണ് അന്ന് ട്രംപിനെതിരെ ഉയര്‍ന്നത്.
എന്നാല്‍ ഇതെല്ലാം ട്രംപും അദ്ദേഹത്തിന്റെ അനുയായികളും തള്ളിക്കളയുകയാണുണ്ടായത്. ഇവയെല്ലാം കോടതിക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു. അതില്‍ ചിലത് കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കാന്‍ ട്രംപ് ശ്രമം നടത്തിയെങ്കിലും ഒരു കേസ് മാത്രമാണ് അത്തരത്തില്‍ തീര്‍ക്കാനാനായത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് ട്രംപിനെതിരെ വീണ്ടും ആരോപണം ഉയരുന്നത്