
സ്ത്രീ അവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് സ്ഥാപക നേതാവുമായ തൃപ്തി ദേശായി ആറ് വനിതകള്‍ക്കൊപ്പം മണ്ഡലകാലത്ത് ശബരിമലയിലെത്തുന്നതിന് സാധ്യത മങ്ങുന്നു. തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതിയിരിക്കുകയാണ്. എന്നാല്‍ ഈ കത്തിലെ ആവശ്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ഒരു വിവിഐപിക്ക് സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷ സംവിധാനമാണ് തൃപ്തി ദേശായി ആവശ്യപ്പെടുന്നത്.
ഈ മാസം 16 നാണ് തൃപ്തി ദേശായി കേരളത്തിലെത്തുക. 17 ന് രാവിലെ ശബരിമലയിലേക്ക് പോകും. തനിക്ക് താമസവും യാത്രാ സൗകര്യവും ഒരുക്കണമെന്നും മല ചവിട്ടാതെ തിരിച്ചുപോകില്ലെന്നും തൃപ്തി ദേശായി കത്തില്‍ പറയുന്നു. എന്നാല്‍ വിശദമായി എന്തൊക്കെ സൗകര്യങ്ങളാണ് തങ്ങള്‍ക്ക് ചെയ്ത് തരേണ്ടതെന്ന് കത്തില്‍ അക്കമിട്ട് നിരത്തുകയാണ് തൃപ്തി ദേശായി.
വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ മുതലുള്ള സുരക്ഷ കേരളം ഒരുക്കണമെന്നാണ് തൃപ്തി ആവശ്യപ്പെടുന്നത്. തനിക്കൊപ്പം ആറ് യുവതികളും എത്തുന്നതായി അവര്‍ വ്യക്തമാക്കുന്നുണ്ട്. വിമാനത്താവളത്തില്‍ നിന്നും നേരെ കോട്ടയത്തേക്ക് പോകാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നാണ് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. തങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കാറ് ഏര്‍പ്പാടു ചെയ്യണം. വാഹനങ്ങള്‍ വാടകയ്ക്കെടുക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ തങ്ങള്‍ ആക്രമിക്കപ്പെടും എന്ന സംശയമുള്ളതു കൊണ്ടാണെന്നും തൃപ്തി വ്യക്തമാക്കി. അതുകൊണ്ട് സര്‍ക്കാര്‍ തന്നെ കാര്‍ ഏര്‍പ്പാടാക്കി നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഇങ്ങനെ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ കാറില്‍ സഞ്ചരിച്ച് കോട്ടയത്ത് എത്താനാണ് തൃപ്തിയുടെ പദ്ധതി. അന്നേദിവസം ഇവിടെ തങ്ങുന്നതിനുള്ള സുരക്ഷ ഒരുക്കേണ്ടതും സംസ്ഥാന സര്‍ക്കാറാണ്. അതിനായി ഗസ്റ്റ്ഹൗസോ ഹോട്ടല്‍ മുറികളോ വേണമെന്നും തൃപ്തി ദേശായി ആവശ്യപ്പടുന്നു. കോട്ടയത്തു നിന്നും ശബരിമലയിലേക്ക് പുറത്തുപെടുന്ന സമയം അടക്കം കൃത്യമായി കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 17ന് രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് രണ്ട് മണിക്കൂര്‍ യാത്ര ചെയ്ത് സന്നിധാനത്ത് ഏഴ് മണിയോടെ ദര്‍ശനത്തിന് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തന്നെ വകവരുത്താന്‍ തയ്യാറായി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരും, കോണ്‍ഗ്രസിന്റെ ആളുകളും മറ്റു അയ്യപ്പഭക്തരും ഉണ്ടെന്നും അതുകൊണ്ട് ആളുകള്‍ നിയമം കൈയിലെടുക്കാതെ സുരക്ഷ ഒരുക്കേണ്ട ചുമതല സര്‍ക്കാറിന് ഉണ്ടെന്നും തൃപ്തി കത്തില്‍ എടുത്തു പറയുന്നു.
ഇത്രയും ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാന്‍ യാതൊരു സാധ്യതയും നിലവിലില്ല. അതിനാല്‍ തൃപ്തി ദേശായിയുടെ മലകയറ്റ സാധ്യത മങ്ങുകയാണ്. എന്നാല്‍ പോരാളിയായി അറയപ്പെടുന്ന അവര്‍ മറ്റു വഴികള്‍ കണ്ടെത്തുമെന്നതും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്. സ്ത്രീ പ്രവേശനമില്ലായിരുന്ന ശനി ഷിഗ്നാപൂരിലും ഹാജി അലി ദര്‍ഗയിലും ദര്‍ശനം നടത്തിയ അവര്‍ മഹാ ലക്ഷ്മി ക്ഷേത്ര ദര്‍ശന സമയത്ത് ആക്രമിക്കപ്പെടുക വരെ ചെയ്യുകയുണ്ടായി.