ശബരിമലയില്‍ പ്രവേശിക്കുന്നതിന് എത്തുമെന്നറിയിച്ച തൃപ്തി ദേശായിയുടെ തീരുമാനം കൂടുതല്‍ കുഴപ്പത്തിലേക്ക്. ചാനല്‍ ചര്‍ച്ചയില്‍ തൃപ്തി ദേശായിയും രാഹുല്‍ ഈശ്വറും തമ്മില്‍ കനത്ത വാക്‌പോര്. ഒരു ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് രണ്ടുപേരും നേര്‍ക്കു നേര്‍ പോര്‍വിളി നടത്തിയത്. ഉറപ്പായും ശബരിമലയില്‍ കയറുമെന്നും നിയമം തങ്ങളെ അതിന് അനുവദിക്കുന്നുണ്ടെന്നും പറഞ്ഞ തൃപ്തിയോട് തങ്ങള്‍ അയ്യപ്പ ഭക്തര്‍ ഉറപ്പായും തയുമെന്നാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്.
അയ്യപ്പ ഭക്തര്‍ തറയില്‍ കിടന്നുകൊണ്ട് തൃപ്തി ദേശായിയെ തടയുമെന്നും തങ്ങളുടെ പുറത്ത് ചവിട്ടിക്കൊണ്ട് മാത്രമേ തൃപ്തി ദേശായിക്ക് ശബരിമലയിലേക്ക് പോകാനാകൂ എന്നാണ് രാഹുല്‍ വ്യക്തമാക്കിയത്. തറയില്‍ കിടക്കുന്നവരെ ചവിട്ടുന്നത് നിയമ വിരുദ്ധമാകും അതിനാല്‍ തൃപ്തി ദേശായിയെ അറസ്റ്റ് ചെയ്ത നീക്കുമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഇത് തനിക്കേ നേരെയുള്ള ഭീഷണിയാണെന്നാണ് തൃപ്തി ദേശായി പ്രതികരിച്ചത്.
സര്‍വകക്ഷി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തൃപ്തി ദേശായിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. തൃപ്തി ദേശായി ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകള്‍ വന്നാല്‍ ശബരിമലയിലേക്ക് കയറ്റിവിടുമോ എന്ന ചോദ്യത്തിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തൃപ്തി മുമ്പ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോയെന്നും നിങ്ങളല്ലേ(മാധ്യമപ്രവര്‍ത്തകര്‍)അവര്‍ ആരാണെന്ന് അന്വേഷിക്കേണ്ടവരെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമല ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ആരാധനാലയമാണെന്നും അവിടെ സംഘര്‍ഷമുണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.