അങ്കാറ: തുര്‍ക്കിയില്‍ സൈനികര്‍ അക്രമണം നടത്തി. തുര്‍ക്കിയിലെ ഭരണം പിടിച്ചെടുക്കാനാണ് സൈനികര്‍ അക്രമം നടത്തിയത്. എന്നാല്‍, പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതായി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. അക്രമത്തില്‍ 17 പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
രാജ്യത്ത് നിന്ന് പുറത്താക്കിയ ഗുലന്‍ എന്ന പുരോഹിതനാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നും അതിന് ശ്രമിച്ചവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഉര്‍ദുഗാന്‍ ഇസ്തംബൂളില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അങ്കാറയുടെ പ്രാന്തപ്രദേശത്ത് പൊലീസ് ആസ്ഥാനത്തിനു നേരെ നടന്ന ഹെലികോപ്ടര്‍ ആക്രമണത്തിലാണ് ഉദ്യോഗസ്ഥര്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഒരു വിഭാഗം സൈനികര്‍ ദേശീയ ഇന്റലിജന്റ്സ് ആസ്ഥാനം പിടിച്ചെടുക്കുകയും രാജ്യത്ത് പട്ടാള ഭരണം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തതത്. ഈസ്താംബുളില്‍ പ്രക്ഷോഭവവുമായി തെരുവിലിറങ്ങിയവര്‍ക്കു നേരെ സുരക്ഷാസേന വെടിയുതിര്‍ത്തു. ഇവിടെ പലര്‍ക്കും ജീവഹാനിയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
തുര്‍ക്കിയില്‍ പട്ടാള നിയമം നടപ്പാക്കിയതായും കര്‍ഫ്യൂ പ്രഖ്യാപിച്ചതായും ടെലിവിഷനിലുടെ നടത്തിയ പ്രസ്താവനയില്‍ പീസ് കൗണ്‍സില്‍ അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഔദ്ദ്യോഗിക ടെലിവിഷന്‍ ചാനലും വിമത സൈന്യം പിടിച്ചെടുത്തതായി വിവരമുണ്ട്. ഭരണാഘടന അനുശാസിക്കുന്ന ഭരണക്രമവും സമാധാനവും മനുഷ്യാവകാശവും ഉറപ്പുവരുത്തുന്നതിനായി തങ്ങള്‍ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തെന്നാണ് വിമതസൈന്യം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം സൈന്യം ഇന്റലിജന്റ് ആസ്ഥാനം വളയുകയും അട്ടിമറിക്ക് ശ്രമിച്ച സൈനികരെ കീഴടക്കുകയുമായിരുന്നു.
പ്രസിഡണ്ട് ഉര്‍ദുഗാന്‍ അവധിക്കാല കേന്ദ്രത്തില്‍ വിശ്രമത്തിലായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പ്രധാനമന്ത്രി ബിനാലി ഇല്‍ദിറിം അറിയിച്ചു. അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായും നാഷണല്‍ ഇന്റലിജന്റ്സ് സര്‍വ്വീസ് ആസ്ഥാനം പിടിച്ചെടുക്കാന്‍ ശ്രമിച്ച സൈനികരെ കസ്റ്റഡിയിലെടുത്തതായും ഔദ്യോഗിക വക്താവ് അറിയിച്ചു. അതേസമയം, തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.