തിരഞ്ഞെടുപ്പിനായി കേരളത്തിൽ ഒഴുകുന്നത് 100 കോടിയുടെ കള്ളപ്പണം: പിടിച്ചെടുത്തത് 22 കോടിയും, 32000 ലീറ്റർ വ്യാജ മദ്യവും

ക്രൈം ഡെസ്‌ക്

കോട്ടയം: തിരഞ്ഞെടുപ്പിൽ കള്ളപ്പണവും വ്യാജമദ്യവും ഒഴുകുന്നത് തടയുക മുൻ നിർത്തിയുള്ള പ്രവർത്തനങ്ങളിൽ 22 കോടി രൂപയും 32,000 ലിറ്റർ വ്യാജമദ്യവുമാണ് പിടിച്ചെടുത്തത്.
കൊട്ടിക്കലാശത്തിനിടെ ചില മണ്ഡലങ്ങളിൽ അക്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നു പോലീസ് സുരക്ഷാ സംവിധാനം ശക്തമാക്കി. റോഡ് ഷോയും പ്രകടനങ്ങളും സമാധാനപരമാണെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയ കക്ഷികളുടെ സഹകരണം തെരഞ്ഞെടുപ്പ് കമ്മിഷൻ അഭ്യർഥിച്ചു. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ കർശന മുൻകരുതൽ നടപടി കൈക്കൊള്ളാൻ പോലീസിനു കമ്മിഷൻ നിർദേശം നൽകി.
തെരഞ്ഞെടുപ്പിൽ കള്ളപ്പണം ഒഴുകുന്നതു തടയാൻ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 2.66 കോടിരൂപ കൂടി പിടിച്ചെടുത്തു. ഇതോടെ ആകെ കണ്ടെടുത്ത പണം 22.99 കോടിയായി. വ്യാജമദ്യം തടയാൻ നടത്തിയ പരിശോധനയിൽ 9,905 ലിറ്റർ മദ്യം പിടികൂടി. നേരത്തെ നടത്തിയ പരിശോധനയിൽ 22,200 ലിറ്റർ വ്യാജമദ്യം കണ്ടെടുത്തിരുന്നു. ഇതിനുപുറമെ രണ്ടുകിലോ അനധികൃത സ്വർണവും പിടിച്ചെടുത്തു. പരസ്യ പ്രചാരണ സമയപരിധിക്കുശേഷം ദൃശ്യമാധ്യമങ്ങളിൽ പ്രചാരണ സ്വഭാവമുളള പരിപാടികളുടെ സംപ്രേഷണത്തിനും വിലക്കുണ്ട്. അവസാനവട്ട കണക്കു കൂട്ടലുകൾക്കും വോട്ടുപിടിത്തത്തിനുമായി നേതാക്കളുടെ നേതൃത്വത്തിൽ അണികൾ കളത്തിലിറങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ചയാണു വോട്ടെടുപ്പ്. വ്യാഴാഴ്ച വോട്ടെണ്ണും.
വോട്ട് ചെയ്യാനുള്ള തിരിച്ചറിയൽ രേഖയായി തിരിച്ചറിയൽ കാർഡിനും തെരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ ഫോട്ടോ പതിച്ച വോട്ടർ സ്ലിപ്പിനും പുറമേ പത്തുരേഖകൾ കൂടി അനുവദിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവ്. തിരിച്ചറിയൽ കാർഡോ, കമ്മിഷൻ നൽകിയ വോട്ടർ സ്ലിപ്പോ ഇല്ലാത്തവർക്കു പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കോഓപ്പറേറ്റീവ് ബാങ്കിൽ നിന്നൊഴികേയുള്ള ഫോട്ടോ പതിച്ച ബാങ്ക് പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, പാൻകാർഡ്, എൻ.പി.ആർ. സ്മാർട്ട് കാർഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ്, ആരോഗ്യമന്ത്രാലയം അനുവദിച്ച ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖ, എം.പി/എം.എൽ.എ./എം.എൽ.സി. എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു നൽകിയ ഫോട്ടോ പതിച്ച സർവീസ് തിരിച്ചറിയൽ കാർഡ് എന്നിവയിലേതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡിലെ അച്ചടിപ്പിശക്, അക്ഷരത്തെറ്റ് എന്നിവ ചൂണ്ടിക്കാട്ടി ആരുടെയും വോട്ടവകാശം നിഷേധിക്കരുതെന്നു പ്രിസൈഡിങ് ഓഫീസർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. പ്രവാസി വോട്ടർമാർ അസൽ പാസ്‌പോർട്ട് ഹാജരാക്കണം. വോട്ടർമാർക്ക് തങ്ങളുടെ സ്ഥാനാർഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താൻ കഴിയുന്ന വി.വി. പാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) വോട്ടിംഗ് യന്ത്രങ്ങൾ സംസ്ഥാനത്തെ 1062 ബൂത്തുകളിൽ ഉപയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടിംഗ് കമ്പാർട്ട്‌മെന്റിൽ ബാലറ്റ് യൂണിറ്റിനോടു ചേർന്ന്ഘടിപ്പിക്കുന്ന വി.വി. പാറ്റ് യൂണിറ്റിന്റെ ഡിസ്‌പ്ലേയിൽ ഒരാൾ വോട്ട് രേഖപ്പെടുത്തിയ ഉടൻ സ്ഥാനാർഥിയുടെ പേര്, സീരിയൽ നമ്പർ, ചിഹ്നം എന്നിവ ഉൾപ്പെടുന്ന ഒരു സ്ലിപ് ഏഴു സെക്കന്റ് നേരം വോട്ടർമാർക്ക് കാണാനായുണ്ടാകും. തുടർന്ന് സ്ലിപ്പ് മുറിഞ്ഞ് വി.വി. പാറ്റ് യന്ത്രത്തിൽ വീഴും. എന്നാൽ വോട്ടർക്ക് സ്ലിപ്പ് എടുക്കാൻ സാധിക്കില്ല.
പോളിങ് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനത്തെ 3142 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തും. വെബ്കാസ്റ്റിങുള്ള ഏറ്റവുമധികം ബൂത്തുകൾ കണ്ണൂർ ജില്ലയിലാണ് 1054. കുറവ് ഇടുക്കിയിലുംഫ36. തിരുവനന്തപുരം232, കൊല്ലം224, പത്തനംതിട്ട112, ആലപ്പുഴ304, കോട്ടയം39, എറണാകുളം141, തൃശൂർ 197, പാലക്കാട്139, മലപ്പുറം121, കോഴിക്കോട്402, വയനാട്42, കാസർഗോഡ് 99 ബൂത്തുകളിലുമാണ് വെബ്കാസ്റ്റിങ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top