
തിരുവനന്തപുരം : രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. രണ്ടിടത്ത് വച്ച് ഗൂഢാലോചന നടന്നു. അടൂർ പ്രകാശിന്റെ സ്ഥലത്തെക്കാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്. ഫൈസൽ വധശ്രമ കേസിലും പ്രതികൾക്ക് സംരക്ഷണമൊരുക്കിയത് അടൂർ പ്രകാശ് എംപിയാണ്. അടൂർ പ്രകാശിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.
ഡി കെ മുരളി എംഎൽഎയുടെ മകനു നേരെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെതിരെയും വ്യാജ പ്രചരണമാണ് നടത്തുന്നത്. ഡിവൈഎഫ്ഐയിൽ മിഥിലാജ് എത്തിയിട്ട് ഒരു വർഷമായി. ഈ ഒരു വർഷത്തിനിടെ ഒരു കേസും മിഥിലാജിനെതിരെ ഇല്ലെന്നും ആനാവൂർ പറഞ്ഞു.
അതേസമയം വെഞ്ഞാറമൂട്ടിൽ കോൺഗ്രസ് നേതാവ് നടത്തിയ കൊലവിളി ദൃശ്യങ്ങൾ പുറത്ത് വന്നു . മിഥിലാജിനെയും ഹക്ക് മുഹമ്മദിനെയും കോൺഗ്രസ് ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയ തേമ്പാമൂട് ജംഗ്ഷനിൽ തന്നെയാണ് ഏതാനും മാസങ്ങൾക്ക് മുൻപ് കോൺഗ്രസ് നേതാവ് കൊലവിളി നടത്തിയത്. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി തട്ടത്തുമല ഷമീർ ആണ് മാരകായുധങ്ങളുമായി എത്തി ഡിവൈഎഫ്‌ഐ പ്രവർത്തകരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും അക്രമത്തിന് മുതിർന്നതും. ഷമീർ കൊലവിളി നടത്തുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസ് പുറത്തുവിട്ടു.
ഡിവൈഎഫ്‌ഐ പ്രവർത്തകരെ വകവരുത്തുമെന്ന് ആക്രോശിച്ചെത്തിയ ഷമീർ സ്ഥലത്തെ പച്ചക്കറി കടയിൽ നിന്ന് കത്തിയെടുത്ത് ആക്രമിക്കാനായി പാഞ്ഞടുത്തു. എന്നാൽ നാട്ടുകാർ ഇടപെട്ട് പിടിച്ച് മാറ്റിയതുകൊണ്ടാണ് ഷമീറിന് അക്രമം നടത്താൻ കഴിയാതിരുന്നത്. പിന്നീട് തൊട്ടടുത്ത ദിവസം കൊല്ലപ്പെട്ട ഹഖിനെയും മിഥിലാജിനെയും കൈകാര്യം ചെയ്യുന്നവരുടെ കേസ് താൻ നടത്തുമെന്ന് ഷമീർ പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇരട്ടക്കൊലപാതകത്തിന് മുൻപേ കോൺഗ്രസ് നേതൃത്വം വെഞ്ഞാറമൂട്ടിൽ കൊലപാതകം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.