മുപ്പതു ലക്ഷത്തിന്റെ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍; പിടികൂടിയത് 60 കുപ്പി ഹാഷിഷ് ഓയില്‍

കൊടകര: വില്‍പനയ്ക്കെത്തിച്ച മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ ചിയ്യാരം ബിസ്‌കറ്റ് കമ്പിനിക്കു സമീപം കോട്ടയില്‍ വീട്ടില്‍ അനുഗ്രഹ്, കുണ്ടോളി വീട്ടില്‍ അമല്‍ സുരേഷ് എന്നിവരാണു ഹഷീഷ് ഓയിലുമായി പിടിയിലായത്. അടുത്തിടെ ചിയ്യാരത്ത് പെണ്‍കുട്ടിയുമായി സഞ്ചരിക്കവേ ബൈക്കില്‍നിന്നു വീണതിനെത്തുടര്‍ന്നു നാട്ടുകാരുമായി സംഘര്‍ഷമുണ്ടാക്കി വിവാദ നായകനായ യുവാവും സുഹൃത്തുമാണു പിടിയിലായത്.

കൊടകര ടൗണ്‍ കേന്ദ്രമാക്കി മയക്കുമരുന്നു കച്ചവടം നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ദേശീയ പാതയ്ക്കു സമീപം നെല്ലായിയില്‍ പോലീസിന്റെ വാഹന പരിശോധന കണ്ടു തിരിച്ചുപോകാന്‍ ശ്രമിച്ച ബൈക്ക് യാത്രികരെ സാഹസികമായി പിടികൂടി പരിശോധിച്ചപ്പോഴാണു 60 കുപ്പികളിലായി നിറച്ച 300 മില്ലിഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്. ചില്ലറ വിപണിയില്‍ 30 ലക്ഷം രൂപ വിലവരും. പ്രതികളെ വൈദ്യ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിയ്യാരത്തു പെണ്‍കുട്ടിയെ ബൈക്കിലിരുത്തി സിനിമാ സ്റ്റൈലില്‍ അഭ്യാസ പ്രകടനം നടത്തി അപകടമുണ്ടാക്കിയ അമല്‍ നാട്ടുകാരുമായി ഏറ്റുമുട്ടിയിരുന്നു. നാട്ടുകാരനെ വിദ്യാര്‍ഥി മര്‍ദിച്ചതോടെ തുടങ്ങിയ സംഘര്‍ഷം കൂട്ടയടിയിലെത്തി. അഭ്യാസപ്രകടനത്തിനിടെ പെണ്‍കുട്ടി തെറിച്ചുവീണതോടെയാണ് നാട്ടുകാരുടെ ഇടപെടല്‍. ക്ഷുഭിതനായ വിദ്യാര്‍ഥി ആക്രോശിച്ചതോടെ  കല്ലുകൊണ്ടു തലയ്ക്കടിക്കുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കൊടകര കേന്ദ്രീകരിച്ച് 600 കിലോയിലധികം കഞ്ചാവ്, പത്തു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍, ആറു ലിറ്ററോളം വ്യാജ ചാരായം, മുപ്പതു ലിറ്ററോളം വ്യാജ ഇന്ത്യന്‍ നിര്‍മിതവിദേശ മദ്യം എന്നിവ അടുത്തിടെ പിടികൂടിയിരുന്നു.

ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേയുടെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ്, കൊടകര സി.ഐ.: ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. ജെ. ജെയ്സണ്‍, ജൂനിയര്‍ എസ്.ഐ.: എം. അനീഷ്, അസി. എസ്.ഐ: റെജിമോന്‍, സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ. ബാബു, സീനിയര്‍ സി.പി.ഒമാരായ എം.എസ്. ബൈജു, ഷാജു ചാതേലി, ആന്റണി, ലിജോണ്‍, കെ.ജി. ബൈജു, അനീഷ് പനയപ്പിള്ളി, സിവില്‍ പോലീസ് ഓഫീസര്‍ സ്മിത്ത് എന്നിവരുടെ നേതൃത്വത്തിലാണു യുവാക്കളെ പിടികൂടിയത്.

Top