ഫരീദാബാദ്: ജാതിപ്പോരിനെ തുടര്‍ന്ന് ദലിത് കുടുംബത്തിലെ നാലു പേരെ ജീവനോടെ കത്തിച്ചു. രക്ഷകര്‍ത്താക്കളെയും കുഞ്ഞുങ്ങളെയുമാണ് കത്തിച്ചത്. സംഭവത്തില്‍ മാതാപിതാക്കളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു മാസവും അഞ്ചു വയസ്സും പ്രായമുള്ള കുട്ടികളാണ് മരിച്ചിരിക്കുന്നത്. ഹരിയാണയിലെ സണ്‍പേദ് ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. സംഭവത്തില്‍ ബല്‍വന്ത്, മകന്‍ ധരംസിങ് എന്നിവരെ ഫരീദാബാദ് പോലീസ് അറസ്റ്റു ചെയ്തു. 11 പേര്‍ക്കെതിരെ കേസെടുത്തു.
വീട് പുറത്തുനിന്ന് പൂട്ടിയശേഷം ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങള്‍ക്ക് ജനല്‍ വഴി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. രണ്ടരവയസ്സുകാരന്‍ വൈഭവ്, 11 മാസം പ്രായമായ സഹോദരി ദിവ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുമായി ഇവര്‍ക്ക് കുടുംബത്തിന് പ്രശ്‌നം നിലനില്‍ക്കെയാണ് സംഭവം. കുട്ടികളുടെ അമ്മ രേഖയ്ക്ക്(28) ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ഡല്‍ഹിയിലെ ആസ്പത്രിയിലേക്ക് മാറ്റി.
കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛന്‍ ജിതേന്ദറിനും (31) പരിക്കേറ്റു. രാജ്പുത്ത് സമുദായക്കാരാണ് അക്രമത്തിന് പിന്നിലെന്ന് ജിതേന്ദര്‍ ആരോപിച്ചു. ഒക്ടോബറില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് അവരുമായി തര്‍ക്കം നിലനില്‍ക്കുകയായിരുന്നു.
സംഭവവത്തെക്കുറിച്ച് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ഖട്ടാറുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസാരിച്ചു. എല്ലാവര്‍ക്കും സംരക്ഷണം നല്‍കാനും ഇത്തരം സംഭവങ്ങള്‍ തടയാന്‍ നടപടിയെടുക്കാനും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി. അക്രമത്തിന് ഇരയായ കുടുംബത്തിന് ഹരിയാണ സര്‍ക്കാര്‍ പത്തുലക്ഷംരൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ജിതേന്ദര്‍ പറഞ്ഞു. ‘ഈ ഗ്രാമത്തിലേക്ക് വരരുതെന്ന് അവര്‍ പറഞ്ഞു. ഞാന്‍ ഈ ഗ്രാമത്തിലേക്ക് വരില്ല, എന്നാല്‍ എന്റെ മക്കളെ അവര്‍ തിരികെ തരുമോ’യെന്ന് ജിതേന്ദര്‍ ചോദിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷ ശക്തമാക്കിയതായി ഫരീദാബാദ് പോലീസ് കമ്മിഷണര്‍ സുഭാഷ് യാദവ് പറഞ്ഞു. ആക്രമിക്കപ്പെട്ട കുടുംബത്തെ എസ്.സി, എസ്.ടി കമ്മിഷന്‍ സംഘം സന്ദര്‍ശിച്ചു.