കൊച്ചി: ഹെല്‍മറ്റ് കര്‍ശനമാക്കിയിട്ടും ഇന്നും ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കാന്‍ ബുദ്ധിമുട്ടാണ്. ഹെല്‍മറ്റ് ധരിക്കാതെ പോലീസിന്റെ കണ്ണുവെട്ടിച്ചാണ് പലരുടെയും യാത്ര. ഇതു മനസ്സിലാക്കിയ അധികൃതര്‍ ഇത്തരക്കാരെ പാഠം പഠിപ്പിക്കാന്‍ പുതിയ നിയമവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം അനുവദിക്കരുതെന്ന നിര്‍ദ്ദേശമാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും ടോമിന്‍ ജെ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുമെന്നും ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തീരുമാനത്തിലെ അപ്രയോഗികത പല കോണുകളില്‍ നിന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടപടിയെടുക്കുകയുളളുവെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. നിയമം നടപ്പിലാക്കുന്നതിനു മുന്‍പ് പ്രായോഗിക, മാനുഷിക വശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് മുന്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.