
ശബരിമല: സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതിഷേധം തുടരുന്നതിനിടെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി. നേരത്തെ ദര്‍ശനം നടത്താനെത്തുകയും പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോരുകയും ചെയ്ത അഡ്വ. ബിന്ദുവും കനക ദുര്‍ഗയുമാണ് ഇന്ന് പുലര്‍ച്ചെ മല ചവിട്ടി അയ്യനെ കണ്ടത്. വടക്കേ നട വഴിയാണ് ഇരുവരും ദര്‍ശനത്തിനെത്തിയത്.
ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. പോലീസ് സംരക്ഷണമില്ലെങ്കിലും മല ചവിട്ടുമെന്ന് യുവതികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
യുവതികള്‍ മലകയറിയത് പൊലീസ് സ്ഥിതീകരിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നാണ് ഇതേ കുറിച്ച് അറിഞ്ഞതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.