നിപ്പ വൈറസ്; കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം യുഎഇ നീക്കി

അബൂദബി: കോഴിക്കോട് ജില്ലയിലും പരിസരപ്രദേശങ്ങളിലും നിപ്പ വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറികള്‍ക്ക് യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക് അധികൃതര്‍ നീക്കി. യു.എ.ഇ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനം എടുത്തുകളയുന്നതായി മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അവയ്ക്ക് വൈറസ് ബാധയേറ്റിട്ടില്ലെന്നു വ്യക്തമാക്കുന്ന ബന്ധപ്പെട്ട ഏജന്‍സിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ആവശ്യമായ മറ്റ് രേഖകളും സമര്‍പ്പിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. പഴംതീനി വവ്വാലുകളില്‍ നിന്നാണ് കേരളത്തിന്റെ ചിലഭാഗങ്ങളില്‍ നിപ്പ വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് പഠനത്തിലൂടെ വ്യക്തമായിരുന്നു. വൈറസ് ബാധയേറ്റ് ചികില്‍സിച്ച നഴ്‌സ് ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ 16 പേര്‍ മരണപ്പെട്ട സാഹചര്യത്തില്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇവിടെ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവയ്ക്കുകയായിരുന്നു.

മെയ് 29നായിരുന്നു നിപ്പ ബാധയുടെ പശ്ചാത്തലത്തില്‍ യു.എ.ഇ കേരളത്തില്‍ നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ഇറക്കുമതി നിരോധിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഇതുമായി ബന്ധപ്പെട്ട കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും യു.എ.ഇ അറിയിച്ചിരുന്നു. നിപ്പ വൈറസിന്റെ സാന്നിധ്യമുള്ള വവ്വാലുകള്‍ കടിച്ചതോ സ്പര്‍ശിച്ചതോ ആയ പഴങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക് വൈറസ് ബാധയുണ്ടാകുന്നത് എന്നതിനാലാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കേരളത്തില്‍ വൈറസ് ബാധ നിയന്ത്രണ വിധേയമാവുകയും നിരീക്ഷണത്തിലുള്ളവര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിരോധനം നീക്കാന്‍ യു.എ.ഇ അധികൃതര്‍ തീരുമാനിച്ചത്.

Top