മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുവേണ്ടി ശിവസേനയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി അനുമതി നല്‍കിയതായി സൂചന. എന്‍സിപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ശിവസേനയ്ക്ക് പിന്തുണ നൽകുന്നതിന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പച്ചക്കൊടി കാട്ടിയെന്നാണ് എൻസിപി വൃത്തങ്ങൾ നൽകുന്ന സൂചന.
സംസ്ഥാനത്തെ പുതിയ സഖ്യം സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുന്നതോടെ മഹാരാഷ്ട്രയിൽ ആഴ്ചകൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിനും അവസാനമാകും. സഖ്യത്തിനായുള്ള പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നൽകുന്നതിനായി കോൺഗ്രസ്- എൻസിപി നേതാക്കൾ ദില്ലിയിൽ ശരദ് പവാറിന്റെ വസതിയിൽ യോഗം ചേർന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസത്തോളമായെങ്കിലും സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾ മൂലം സാധാരണക്കാരുടെ പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന പരാതി ജനങ്ങൾക്കുണ്ട്.
ഒക്ടോബർ 21ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 105 സീറ്റുകളാണ് ബിജെപി നേടിയത്. ശിവസേന 56 സീറ്റുകളും നേടി. സഖ്യകക്ഷികൾ ഇരുവരും ഒരുമിച്ച് നിന്നിരുന്നെങ്കിൽ മഹാരാഷ്ട്രയിൽ അനായാസമായി സർക്കാർ രൂപീകരണം നടന്നേനെ. എന്നാൽ മുഖ്യമന്ത്രി പദം ഇരുപാർട്ടികൾക്കുമായി രണ്ടരവർഷം വീത പങ്കിടണമെന്ന ധാരണയിൽ നിന്നും ബിജെപി പിന്നോട്ട് പോയതോടെയാണ് സമ്മർദ്ദം ശക്തമാക്കി ശിവസേന ഇടഞ്ഞു നിന്നത്.
സർക്കാർ രൂപീകരണത്തിന് ഒരു പാർട്ടികൾക്കും അവകാശവാദം ഉന്നയിക്കാൻ കഴിയാതെ വന്നതോടെ നവംബർ 12ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കാൻ ഏതെങ്കിലും പാർട്ടിക്ക് കഴിഞ്ഞാൽ രാഷ്ട്രപതി ഭരണം പിൻവലിച്ചേക്കും. സോണിയാ ഗാന്ധിയുടെ അനുമതി കൂടി കിട്ടിയതോടെ കോൺഗ്രസ്-എൻസിപി–ശിവസേന സഖ്യം സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോകും. എൻസിപിയും ശിവസേനയും തമ്മിൽ രണ്ടര വർഷം വീതം മുഖ്യമന്ത്രിപദം പങ്കിടാൻ ധാരണയായെന്നാണ് സൂചന. കോൺഗ്രസിന് ഉപമുഖ്യമന്ത്രിപദവും ലഭിച്ചേക്കും.