സവർക്കർക്ക് ഭാരത രത്നം: കോണഗ്രസിൻ്റെ പിന്തുണ അറിയിച്ച് മൻമോഹൻ സിംഗ്..!! സവർക്കറെ പുകഴ്ത്തി പ്രസ്താവന

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയെ ഇളക്കി മറിക്കുകയാണ് സവർക്കർ വിവാദം. ഹിന്ദു മഹാസഭ നേതാവായിരുന്ന വിനായക ദാമോദർ സവർക്കർക്ക് ഭാരത രത്ന നൽകുമെന്ന ബിജെപി പ്രഖ്യാപനം സംസ്ഥാനത്ത് വലിയ ചർച്ചയാണ് ഉയർത്തിയിരിക്കുന്നത്. മഹാത്മഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ട സവർക്കറെ ഇപ്പോൾ കോൺഗ്രസും പിന്തുണക്കുകയാണ്.

സവർക്കറോട് കോൺഗ്രസ്സിന് എതിർപ്പില്ലെന്ന് കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിംഗ് പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സവർക്കറിന് ഭാരത രത്‌നം നൽകാനുള്ള നീക്കത്തെ പിന്തുണച്ചും മൻമോഹൻ സംസാരിച്ചു. അദ്ദേഹം ഉയർത്തിയ ഹിന്ദുത്വ അജണ്ടയോട് രാഷ്ട്രീയപരമായി വിയോജിക്കുന്നുണ്ടെങ്കിലും ഒരു വ്യക്തിയെന്ന നിലയിൽ സവർക്കറോട് യാതൊരു എതിർപ്പുമില്ലെന്ന് മൻ മോഹൻസിംഗ് വ്യാഴാഴ്ച വ്യക്തമാക്കി.

സവർക്കറുടെ സ്വാതന്ത്ര സമരത്തിലെ പങ്കിനെ ബഹുമാനിക്കുന്നു എന്നും ഇന്ദിരാഗാന്ധി സവർക്കറുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കിയത് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായെന്നും മൻമോഹൻ സിംഗ് വ്യക്തമാക്കി.

നേരത്തെ ഭാരതീയരുടെ ഭാഷയിൽ ഇന്ത്യൻ ചരിത്രം മാറ്റി എഴുതുന്നതിനെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. 1857 ലെ സ്വാതന്ത്ര്യ സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് സവർക്കർ വിളിച്ചിരുന്നില്ലെങ്കിൽ അത് ചരിത്രത്തിൽ ഉണ്ടാവില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Top