കുന്ദമംഗലം സിദ്ധിഖിന് കൊടുക്കുനത് പികെ ഫിറോസിനെ ഒതുക്കാന്‍;ലീഗില്‍ പുതിയ വിവാദം കൊഴുക്കുനു.

കോഴിക്കോട്:ലീഗില്‍ എപ്പോഴും അങ്ങിനെയാണ് ആരെങ്കിലും ഉയര്‍ന്ന് വരുമെന്ന് തോന്നിയാല്‍ അപ്പോള്‍ ചവിട്ടും.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെന്ന പോലെ ഇത്തവണയും യുവനേതാവ് പികെ ഫിറോസിനെ തഴയുകയാണ് ലീഗിലെ തപ്പാനകള്‍.
കുന്ദമംഗലം സീറ്റിലേക്ക് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ തഴഞ്ഞ് കോണ്‍ഗ്രസുമായി വച്ചുമാറ്റം നടത്താനുള്ള നേതൃത്വത്തിന്റെ നീക്കത്തിനെതിരെ യൂത്ത് ലീഗിലും എം.എസ്.എഫിലും പ്രതിഷേധം. കുന്ദമംഗലം സീറ്റ് കോണ്‍ഗ്രസിനാണെന്ന് ഉറച്ചതോടെ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായ അഡ്വക്കേറ്റ് ടി സിദ്ദിഖ് മണ്ഡലത്തില്‍ സജീവമായി. ഈ സാഹചര്യത്തിലാണ് വിമര്‍ശനം ശക്തമാകുന്നത്.

പികെ ഫിറോസിനെ ബോധപൂര്‍വ്വം മത്സരിപ്പിക്കാതിരിക്കുന്നതിനായി യൂത്ത് ലീഗിലും മുസ്ലിം ലീഗിലുമുള്ള ചില നേതാക്കളാണ് കോണ്‍ഗ്രസിനു സീറ്റ് നല്‍കുന്നതിനു പിന്നിലെന്നാണ് ആക്ഷേപം. യൂത്ത് ലീഗ് നേതാവിനെ തഴഞ്ഞതിനെതിരെ പരസ്യ പ്രതികരണത്തിനൊരുങ്ങുകയാണ് എം.എസ്.എഫ്, യൂത്ത് ലീഗ് ഭാരവാഹികള്‍. കുന്ദമംഗലം കോണ്‍ഗ്രസിനു നല്‍കി ബാലുശ്ശേരി ലീഗിനു നല്‍കാമെന്ന ധാരണയില്‍ ലീഗ്‌കോണ്‍ഗ്രസ് നേതൃത്വം എത്തിയിരുന്നു. എന്നാല്‍ കുന്ദമംഗലം സീറ്റ് കോണ്‍ഗ്രസിനു നല്‍കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാലയും കുന്ദമംഗലം മണ്ഡലം കമ്മിറ്റിയും സീറ്റ് വച്ചു മാറുന്നതിലുള്ള എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കുമല്ലാതെ മറ്റൊരു യൂത്ത്‌ലീഗ് പ്രതിനിധിക്ക് സീറ്റ് കൊടുക്കുന്ന പാരമ്പര്യം ലീഗില്‍ ഇല്ലെന്നാണ് യൂത്ത്‌ലീഗ് നേതാക്കള്‍ പറയുന്ന ന്യായം. പി എം സാദിഖലിയെ ഗുരുവായൂരില്‍ പരിഗണിക്കുകയും കെഎം ഷാജിയെ അഴീക്കോട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടിടത്തും ഇവര്‍ക്ക് പരാജയഭീതിയുണ്ട്. തങ്ങള്‍ പരാജയപ്പെടുകയും ഫിറോസ് ജയിക്കുകയും ചെയ്താല്‍ ഉണ്ടാകാവുന്ന നാണക്കേടും ഈഗോ പ്രശ്‌നങ്ങളുമാണ് സാദിഖലിയേയും ഷാജിയേയും ഫിറോസിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്. ലീഗില്‍ 45ഉം അമ്പതും വയസുള്ളപ്പോഴാണ് എല്ലാവരും മത്സര രംഗത്തേക്ക് എത്താറ്. 35 കാരനായ ഫിറോസിന് ഇപ്പോള്‍ തന്നെ സീറ്റ് നല്‍കേണ്ടതില്ലെന്ന വാദവും ഇവര്‍ ഉന്നയിക്കുന്നു.

എന്നാല്‍ പികെ ഫിറോസ് വളര്‍ന്നു വരുന്നതിലുള്ള ശക്തമായ എതിര്‍പ്പ് യൂത്ത് ലീഗ് നേതാക്കളില്‍ നിന്നും വന്നതോടെ സീറ്റ് മാറാമെന്ന നിലപാടിലെത്തുകയായിരുന്നു. യൂത്ത് ലീഗ് നേതാക്കളായ പി.എം സാദിഖലി, കെ.എം ഷാജി എംഎ!ല്‍എ എന്നിവരാണ് ഫിറോസിനെ മത്സരിപ്പിക്കുന്നതില്‍ ശക്തമായി എതിര്‍ത്തിരിക്കുന്നത്. മാത്രമല്ല, ഫിറോസിന് സീറ്റ് നല്‍കാതിരിക്കാന്‍ പി.വി അബ്ദുല്‍ വഹാബ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി യൂത്ത് ലീഗ് നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമസ്തയെ കൂട്ടുപിടിച്ച് ഫിറോസിനു സീറ്റ് ഇല്ലാതാക്കാനുള്ള ശ്രമം പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ നടന്നുവരുന്നുണ്ട്. സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ നേരത്തെ ഫിറോസ് മത്സരിക്കരുതെന്ന തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഫിറോസിനെ പോലുള്ള യുവാക്കള്‍ മത്സരരംഗത്തേക്ക് കടന്നു വരണമെന്നാണ് കോഴിക്കോട് ജില്ലയിലെ ഇ.കെ വിഭാഗം നേതാക്കളുടെ നിലപാട്. ഈ നിലപാട് ഇ.കെ സുന്നി നേതാക്കള്‍ പാണക്കാട് തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

ഇതോടെ ഫിറോസിനെ മത്സരരംഗത്ത് നിന്നും ഇല്ലാതാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഫിറോസ് എതിരാളികള്‍. കെ.എം ഷാജി, പിഎം സാദിഖലി എന്നിവരുടെ നേതൃത്വത്തില്‍ സമസ്ത നേതാവ് അമ്പലക്കടവ് ഹമീദ് ഫൈസിയെ സമീപിച്ചിരുന്നു. ഫിറോസ് മത്സരിക്കുന്നതിനെതിരെ സമസ്തയുടെ പിന്തുണ വേണമെന്ന് അഭ്യര്‍ത്ഥിച്ചതായാണ് വിവരം. എ.പി വിഭാഗത്തിന്റെ മര്‍ക്കസില്‍ പോയ വിഷയത്തിലും നബിദിന റാലിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട കുറിപ്പും ഫിറോസിനെതിരെ സമസ്ത അനുകൂലികളുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. എന്നാല്‍ എപി വിരോധം ഉയര്‍ത്തിക്കാട്ടി സമസ്തയിലെ ഫിറോസ് വിരുദ്ധ ചേരിയെ പിടിച്ച് പാണക്കാട് ഹൈദരലി തങ്ങളില്‍ സമ്മര്‍ദം ചെലുത്തുകയാണ് ലക്ഷ്യം. എന്നാല്‍ കോഴിക്കോട് ജില്ലയിലെ ഇ.കെ സുന്നികളും ഫിറോസിന് അനുകൂലമായി പച്ചക്കൊടി കാണിച്ചതാണ് ഫിറോസിനെതിരെ കരുനീക്കം ശക്തമായിരിക്കുന്നത്. വിജയ സാധ്യത മുന്‍നിര്‍ത്ത്ി ലീഗ് നേതൃത്വം ഫിറോസിനെ പരിഗണിച്ചേക്കുമെന്ന സൂചനയുമുണ്ട്. കുന്ദമംഗലത്തിനു പകരമായി ലീഗ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത് ബാലുശേരിയാണ്. ബാലുശേരിയിലേക്ക് ദളിത് ലീഗ് നേതാവ് യു.സി രാമനെ മത്സരിപ്പിക്കാനുമാണ് ഇപ്പോഴത്തെ തീരുമാനം.

യു.സി രാമന്‍ മത്സരിച്ചു തോല്‍ക്കുന്ന കുന്ദമംഗലം സീറ്റില്‍ പി കെ ഫിറോസ് മത്സരിച്ചാല്‍ വിജയം ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷ. മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ക്കും മറ്റു പാര്‍ട്ടികള്‍ക്കും പൊതുസമ്മതനാണെന്നാണ് വിലയിരുത്തല്‍. സീറ്റ് കോണ്‍ഗ്രസിനു നല്‍കുകയാണെങ്കില്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, അഡ്വ.ടി. സിദ്ദീഖ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കെസി അബുമത്സര രംഗത്ത് എത്തിയാല്‍ സിദ്ദീഖ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനും സാധ്യതയുണ്ട്. സീറ്റ് വച്ചുമാറ്റം എന്നതിലുപരി ഫിറോസിന് സീറ്റ് നല്‍കണോ വേണ്ടയോ എന്ന കാര്യത്തിലാണ് ലീഗ് നേതൃത്വം സമ്മര്‍ദത്തിലായിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഉണ്ടായേക്കാവുന്ന പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് പോഷക ഘടകങ്ങളില്‍ നിന്നുള്ള പരസ്യ പ്രതികരണം പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുണ്ടെന്നതിനാല്‍ കുന്ദമംഗലത്ത് ആര് മത്സരിക്കണമെന്ന് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഫിറോസിനെ മത്സരിപ്പിക്കണമെന്നും വേണ്ടന്നുമുള്ള രണ്ട് അഭിപ്രായങ്ങളാണ് നേതൃത്വത്തിനു തലവേദനയായിരിക്കുന്നത്.

Top