കൊച്ചി :പിണറായി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചില്ലെങ്കില്‍ ജോസ്.കെ. മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാല്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും, എന്നാല്‍ അച്ചടക്ക ലംഘനം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും അദേഹം വ്യക്തമായ സൂചന നല്‍കി.
ധനകാര്യ ബില്ലിലും അവിശ്വാസ പ്രമേയത്തിലും മാത്രമല്ല വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും ഒരു മുന്നണിക്കും വോട്ട് ചെയ്യില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. ഇതോടെ ജോസ് കെ മാണിക്ക് യുഡിഎഫ് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചില്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കും എന്നാണ് മുന്നറിയിപ്പ്.
ജോസ് കെ മാണി തെറ്റായ തീരുമാനം തിരുത്താന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് ഇനിയും അവസരമുണ്ട്. അക്കാര്യം ജോസ് കെ മാണിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ യുഡിഎഫിന്റെ നിലപാട് വളരെ വ്യക്തമാണ് എന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. അതേസമയം യുഡിഎഫിന്റെ അന്ത്യശാസനം തളളിക്കൊണ്ട് ജോസ് കെ മാണി രംഗത്ത് എത്തിയിരിക്കുകയാണ്. വിപ്പ് തരാന്‍ മുന്നണിക്ക് അധികാരം ഇല്ല തങ്ങളെ പുറത്താക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ പ്രഖ്യാപിച്ചതാണ്. ഒരു പാര്‍ട്ടിയെ പുറത്താക്കിയതിന് ശേഷം അവര്‍ക്കെതിരെ വീണ്ടും അച്ചടക്ക നടപടി എന്ന് പറയുന്നത് എന്ത് ന്യായമാണ് എന്ന് ജോസ് കെ മാണി ചോദിച്ചു. നിയമസഭയിലും അവിശ്വാസ പ്രമേയത്തിലും തങ്ങള്‍ സ്വതന്ത്ര നിലപാട് എടുക്കും. തങ്ങള്‍ക്ക് വിപ്പ് തരാന്‍ മുന്നണിക്ക് അധികാരം ഇല്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരാണ് വിപ്പ് നൽകേണ്ടത് റോഷി അഗസ്റ്റിനാണ് കേരള കോണ്‍ഗ്രസിന്റെ വിപ്പ് എന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ വാദം. അതേസമയം മോന്‍സ് ജോസഫ് ആണ് വിപ്പ് എന്ന് പിജെ ജോസഫ് വിഭാഗവും വാദിക്കുന്നു. അവിശ്വാസ പ്രമേയത്തില്‍ ഇതിനകം തന്നെ മോന്‍സ് ജോസഫ് കേരള കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിക്കഴിഞ്ഞു. യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായാണ് വിപ്പ്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നു.
അവിശ്വാസ പ്രമേയത്തെ പിന്തുണച്ചില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അറിയിച്ചു. ജോസ് കെ മാണി വിഭാഗം അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാല്‍ അവരെ മുന്നണിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. നാളെ മുന്നണി യോഗം ചേരുന്നുണ്ട്. തീരുമാനം അംഗീകരിച്ചില്ല ജോസ് കെ മാണി വിഭാഗം വഴങ്ങുന്നില്ലെങ്കില്‍ നാളത്തെ മുന്നണി യോഗത്തില്‍ തന്നെ നടപടി തീരുമാനിക്കപ്പെടും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവുമായി ബന്ധപ്പെട്ട് യുഡിഎഫ് കൈക്കൊണ്ട തീരുമാനം നേരത്തെ ജോസ് കെ മാണി വിഭാഗം അംഗീകരിച്ചിരുന്നില്ല. അതിനാലാണ് അവരെ മുന്നണിയില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടി വന്നതെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. ഗുരുതരമായ അച്ചടക്ക ലംഘനം സര്‍ക്കാരിനെതിരെ യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത അവിശ്വാസ പ്രമേയം എന്ന തീരുമാനത്തെ ലംഘിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. മുന്നണിയിലെ ഒരു കക്ഷി അങ്ങനെ ചെയ്താല്‍ നടപടിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാന്‍ കേരള കോണ്‍ഗ്രസിന് ബാധ്യത ഉണ്ടെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡിനും സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കുമിടയില്‍ തിങ്കളാഴ്ച ചേരാനിരിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനം സര്‍ക്കാരിനും പ്രതിപക്ഷത്തിനും നിര്‍ണായകമാണ്. കാലാവധി പൂര്‍ത്തായാക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് യുഡിഎഫ് നീക്കം. എന്നാല്‍ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ അനുകൂലിക്കില്ലെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ജോസ് കെ മാണിക്കും കൂട്ടര്‍ക്കും യുഡിഎഫ് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. യുഡിഎഫിന്റെ മുന്നറിയിപ്പിന് ജോസ് കെ മാണി മറുപടിയും നല്‍കിയിട്ടുണ്ട്.