കണ്ണൂർ: പ്രവാസി മോഹം കൊണ്ട് നടക്കുന്നവരെ ചതിയിൽപ്പെടുത്തി കോടികൾ തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ .യുകെയിൽ കെയർ വർക്കർ വീസ വാഗ്ദാനം ചെയ്ത് സ്ത്രീകളിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ ഗോപാൽ സ്ട്രീറ്റിലുള്ള സ്റ്റാർനെറ്റ് ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും പയ്യാവൂർ കാക്കത്തോട് സ്വദേശിയുമായ പെരുമാലിൽ വീട്ടിൽ മാത്യു ജോസ്(31) ആണ് അറസ്റ്റിലായത്.
ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തളിപ്പറന്പിൽ വച്ച് കണ്ണൂർ എസിപി കെ.വി. വേണുഗോപാൽ, കണ്ണൂർ ടൗൺ ഇൻസ്പെക്ടർ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടുന്നത്.
കൊല്ലം സ്വദേശിനിയായ ദീപ അരുണിന് ബ്രിട്ടനിൽ കെയർ വർക്കർ അസിസ്റ്റന്റായി ജോബ് വീസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ ജനുവരി ഒന്‍പതിന് സ്റ്റാർനെറ്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ട് വഴി 5,95,400 രൂപ കൈക്കലാക്കിയ ശേഷം ജോലിയോ പണമോ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
ഈ കേസിൽ തൊടുപുഴ സ്വദേശി നിധിൻ ഷാ, ഭാര്യ അലിൻ സത്താർ, കണ്ണൂർ കുടിയാന്മല സ്വദേശി സിദ്ധാർഥ്, കന്പനി അധികൃതരായ മാത്യു ജോസ്, അഭിലാഷ് ഫിലിപ്, ഷാനു മോൻ എന്നിവരായിരുന്നു പ്രതികൾ.
സംസ്ഥാന വ്യാപകമായി കെയറർ വീസ വാഗ്ദാനം ചെയ്ത് ഈ സംഘം നൂറോളം പേരിൽനിന്നായി കോടികൾ തട്ടിയെടുത്തതായാണ് പരാതി. തൃശൂരിലെ വിയ്യൂർ, എറണാകുളം റൂറലിലെ പോത്താനിക്കാട്, പുത്തൻവേലിക്കര എന്നീ സ്റ്റേഷനുകളിൽ നിലവിൽ ഇവർക്കെതിരേ കേസുണ്ട്.
പണം നഷ്ടമായവര്‍ എന്‍.ആര്.ഐ. സെല്ലിലും നോര്‍ക്കയിലും പരാതി നല്‍കിയിരുന്നു. തട്ടിപ്പിനിരയായ ആറുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണസംഘത്തില്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ.വി.സുഭാഷ് ബാബു, എസ്ഐ.മാരായ പി.പി.ഷമീല്‍, സവ്യ സച്ചി, അജയന് എന്നിവരുമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 45 ലക്ഷം രൂപ പിന്‍വലിച്ച് തിരുവനന്തപുരത്തെ ഒരു വ്യക്തിക്ക് നല്‍കിയതായി പൊലീസ് കണ്ടെത്തി. ഈ വ്യക്തിയെ കണ്ടെത്താന്‍ പൊലീസ് ശ്രമമാരംഭിച്ചു. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.
അതേസമയം തട്ടിപ്പിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണട്്. വിസ തട്ടിപ്പിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഒട്ടേറെപ്പേരില്‍നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഇരയായവര്‍ മുഴുവന്‍ സ്ത്രീകളാണെന്നും പൊലീസ് പറഞ്ഞു. ബെല്‍ജിയത്തില്‍നിന്ന് റിക്രൂട്ട്മെന്റ് തട്ടിപ്പ് നിയന്ത്രിക്കുന്ന പ്രധാന പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ കണ്ണൂര്‍ സ്വദേശി ഷാനോനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. മറ്റൊരു ഡയറക്ടറായ കൊട്ടിയൂരിലെ അഭിലാഷ് ഫിലിപ്പിനെതിരെയും കേസെടുത്തു.