കന്യാചർമ്മം തുന്നിച്ചേർത്താൽ ഇനി പ്രശ്നമാകും. ഹൈമനോപ്ലാസ്റ്റി എന്നറിയപ്പെടുന്ന ‘കന്യാചര്‍മ്മം’ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നിരോധിക്കാനൊരുങ്ങുകയാണ് യുകെ. ഹെൽത്ത് ആന്‍ഡ് കെയർ ബില്ലിൽ ചേർത്ത ഭേദഗതി പ്രകാരം സമ്മതത്തോട് കൂടിയോ സമ്മതമില്ലാതെയോ കന്യാചർമ്മം തുന്നിച്ചേര്‍ക്കുന്ന എല്ലാ നടപടികളും നിയമവിരുദ്ധമാകും.
യുകെയിൽ നിരവധി ക്ലിനിക്കുകളും സ്വകാര്യ ആശുപത്രികളും ഫാർമസികളും ‘കന്യകാത്വം പുനഃസ്ഥാപിച്ചു തരും’ എന്ന വാഗ്ദാനത്തോടെ ഈ വിവാദ ശസ്ത്രക്രിയ നടത്താറുണ്ട്. നിരവധി പെൺകുട്ടികളും യുവതികളും ഈ പ്രക്രിയയ്ക്ക് വിധേയരാകാൻ നിർബന്ധിതരാവുന്നുമുണ്ട്. ഒരു പെൺകുട്ടിയോ സ്ത്രീയോ അടുത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ രക്തസ്രാവമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കന്യാചര്‍മ്മം’ തുന്നിച്ചേര്‍ത്ത് കൊടുക്കുന്നത്.
കഴിഞ്ഞ ജൂലായിൽ കന്യകാത്വ പരിശോധന ക്രിമിനൽ കുറ്റമാക്കുമെന്ന് സർക്കാർ പ്രതിജ്ഞ ചെയ്തത് മുതൽ, ഡോക്ടർമാരും മിഡ്‌വൈഫുമാരും ഉൾപ്പടെയുള്ള ആളുകളില്‍ നിന്നും ശസ്ത്രക്രിയ നിരോധിക്കാൻ സമ്മർദ്ദമുണ്ടായിരുന്നു. ഈ രണ്ട് പ്രവൃത്തികളും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളായിട്ടാണ് കണക്കാക്കുന്നത്.
പലപ്പോഴും കന്യാചര്‍മ്മത്തെ ചൊല്ലിയുള്ള ആശങ്കകള്‍ കാരണം പല കുടുംബങ്ങളും പെണ്‍കുട്ടികളെ ഹൈമനോപ്ലാസ്റ്റി ചെയ്യാന്‍ നിര്‍ബന്ധിക്കാറുണ്ട്. കുടുംബത്തിന്‍റെ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് പലപ്പോഴും പെണ്‍കുട്ടികള്‍ ഈ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നത്.
ഇക്കാലത്തും പല കുടുംബങ്ങളും, പല സംസ്കാരങ്ങളും ‘കന്യക’യായിരിക്കുക, ആദ്യരാത്രിയില്‍ ലൈംഗികബന്ധത്തിനിടെ രക്തം വരിക ഇവയെല്ലാം പ്രാധാന്യമാണ് എന്ന് വിശ്വസിക്കുന്നുണ്ട് എന്ന് യുകെയിലെ ആളുകൾ അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള സര്‍ജറിക്ക് പെൺകുട്ടികൾ നിര്‍ബന്ധിക്കപ്പെടുന്നതും പതിവാണ്.
ഹൈമനോപ്ലാസ്റ്റിയെ നിരവധി ഡോക്ടർമാർ എതിര്‍ക്കുന്നുണ്ട്. ശസ്ത്രക്രിയയിലൂടെ കടന്നുപോകുന്ന സ്ത്രീകളെ വൈകാരികമായി ബാധിക്കുമെന്നും അവരുടെ മാനസികനിലയെ ബാധിക്കുകയും ട്രോമകളിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മാത്രവുമല്ല, ഇങ്ങനെ കന്യാചര്‍മ്മം തുന്നിച്ചേര്‍ത്തത് കൊണ്ട് ആദ്യരാത്രികളില്‍ ലൈംഗികബന്ധത്തിനിടെ രക്തം വരണമെന്നില്ല. ഇത് പലപ്പോഴും പുരുഷന്മാരില്‍ സംശയത്തിനിട വരുത്തുകയും ദുരഭിമാനക്കൊലകളടക്കം ഉണ്ടാവുകയും ചെയ്യാറുണ്ട് എന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
കന്യക, കന്യാചര്‍മ്മം എന്നീ സങ്കല്‍പങ്ങള്‍ തന്നെ കടുത്ത സ്ത്രീവിരുദ്ധതയായിരിക്കെ ഈ നൂറ്റാണ്ടിലും അതേച്ചൊല്ലിയുണ്ടാവുന്ന അതിക്രമങ്ങളും ഹൈമനോപ്ലാസ്റ്റി നടത്താനുള്ള സമ്മര്‍ദ്ദവുമെല്ലാം കാലങ്ങളായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എങ്കിലും പലപ്പോഴും പല ക്ലിനിക്കുകളിലും സ്വകാര്യാശുപത്രികളിലുമെല്ലാം ഈ ശസ്ത്രക്രിയ നടന്നുവരുന്നുണ്ട്. ഏതായാലും പുതിയ നിയമം അതിനെതിരെ പ്രവര്‍ത്തിക്കുന്ന ആയുധമായി മാറുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തുള്ളവർ.
കേരളത്തിലും ഹൈമനോപ്ലാസ്റ്റി ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. അഭയകൊലക്കേസിനൊപ്പം കേരളത്തിൽ സജീവ ചർച്ചയായ വിഷയമായിരുന്നു സിസ്റ്റർ സ്റ്റെഫിയുടെ കന്യാചർമ്മ പുനഃസ്ഥാപന ശസ്ത്രക്രിയ.
കേസിൽ രണ്ടാം പ്രതിയായ ശേഷം നടത്തിയ വൈദ്യ പരിശോധനയിലാണ് സ്റ്റെഫി കന്യകയാണെന്ന് തെളിയിക്കാൻ സിസ്റ്റർ സ്റ്റെഫി ഹൈമനോപ്ലാസ്റ്റി സർജറി നടത്തിയതായി കണ്ടെത്തിയത്.
രാഷ്ട്രീയ കേരളത്തിൽ ഏറ്റവുമധികം അട്ടിമറികൾ നടന്ന കേസായിരുന്നു അഭയക്കേസ്. ഈകേസ് ശക്തമായി മുന്നോട്ട് പോകുന്നതിനിടെ കേസ് അട്ടിമറിക്കാൻ സിസ്റ്റർ സ്റ്റെഫി നടത്തിയ പ്രധാന ശ്രമങ്ങളിലൊന്നായിരുന്നു കന്യാചർമ്മം വച്ചുപിടിപ്പിക്കൽ. കന്യാസ്ത്രീയെന്ന നിലയിൽ താൻ കന്യകയാണെന്ന് വരുത്തിതീർക്കാൻ സ്റ്റെഫി നടത്തിയ കള്ളക്കളി വ്യക്തമാക്കുന്നതായിരുന്നു സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം.
സിസ്റ്റർ സ്റ്റെഫിയും ഫാ.തോമസ് കോട്ടൂരും അവിഹിത ബന്ധത്തിലേർപ്പെടുന്നത് പുറം ലോകം അറിയാതിരിക്കാനാണ് അഭയയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. താൻ കന്യകയാണെന്ന് തെളിയിച്ചാൽ കേസ് ദുർബ്ബലമാകുമെന്ന കണക്ക് കൂട്ടലിലാണ് സ്റ്റെഫി ഈ സാഹസത്തിന് മുതിർന്നത്. അഭയയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള ലക്ഷ്യം മറച്ചുവയ്ക്കാനാണ് കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതിലൂടെ സ്റ്റെഫി ശ്രമിച്ചത്.