തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സെമിനാറിന് ദേശീയ പ്രാധാന്യമുണ്ട്. കോണ്‍ഗ്രസിനെ ക്ഷണിക്കില്ല. അവര്‍ ഓരോ സംസ്ഥാനത്ത് ഓരോ നിലപാട് ആണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഐ സെമിനാറില്‍ പങ്കെടുക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
സിപിഐ പങ്കെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആര് പങ്കെടുക്കും, പങ്കെടുക്കില്ല എന്നതല്ല വിഷയമെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ പങ്കെടുക്കും. സിവില്‍ കോഡ് പ്രതിഷേധം സെമിനാറില്‍ മാത്രം ഒതുങ്ങില്ല എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരെ സിപിഐഎം നടത്തുന്ന സെമിനാറില്‍ സിപിഐ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്നതിനാലാണ് നേതാക്കള്‍ക്ക് പങ്കെടുക്കാനാകാത്തതെന്ന് ഔദ്യോഗിക വിശദീകരണവും വന്നിരുന്നു. എന്നാല്‍ ഇടതുമുന്നണിയുടെ ഭാഗമായി നടത്തേണ്ട സെമിനാര്‍ സിപിഐഎമ്മിന്റെ പാര്‍ട്ടി പരിപാടിയാക്കി ചുരുക്കിയതിലുള്ള അതൃപ്തിയാണ് കാരണമെന്നായിരുന്നു അഭ്യൂഹം.