രണ്ടാം മോദി ഭരണത്തില്‍ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ആദ്യ ബജറ്റിന് സമ്മിശ്ര പ്രതികരണം. കോര്‍പ്പറേറ്റ് സൗഹൃദമാണ് ബജറ്റെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ബജറ്റ് അഭിസംബോധന ചെയ്തില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും നോട്ട് നിരോധം ഉയര്‍ത്തിയ വെല്ലുവിളികളും ഒന്നും പരിഹരിക്കുന്നതിന് വ്യക്തമായ പദ്ധതികളൊന്നും ബജറ്റിലില്ല.
തൊഴിലില്ലായ്മയെ കുറിച്ചും കാര്‍ഷിക മേഖലയെ കുറിച്ചും പരാമര്‍ശം പോലുമില്ലാതെയായിരുന്നു ബജറ്റ് അവതരണം. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളായിരുന്നു ഇത് രണ്ടും. ചെലവില്ലാ കൃഷി പ്രോത്സാഹിപ്പിക്കും, പയറു വര്‍ഗങ്ങളുടെ ഉത്പാദനം സാമ്പത്തിക നേട്ടമുണ്ടാക്കി എന്നുള്ള രണ്ട് കാര്യങ്ങളാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ പറഞ്ഞത്.
രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും കടുത്ത വരള്‍ച്ചയും കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നോ അതിന് പുതിയ പദ്ധതികളോ ഒന്നും പ്രഖ്യാപിച്ചില്ല.
പെട്രോള്‍, ഡീസല്‍, സ്വര്‍ണ്ണം, സിഗരറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങി ഇരുപത്തഞ്ചോളം പ്രധാന വസ്തുക്കള്‍ക്ക് വിലകൂടും. അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായനികുതി അടയ്ക്കേണ്ടതില്ല. എന്നാല്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരു വര്‍ഷം ഒരു കോടി രൂപയ്ക്കുമേല്‍ പിന്‍വലിച്ചാല്‍ 2% ആദായ നികുതി ചുമത്തും. 2 കോടി മുതല്‍ 5 കോടി വരെ വരുമാനക്കാര്‍ക്ക് 3 ശതമാനവും 5 കോടിക്കു മുകളില്‍ 7 ശതമാനവും സര്‍ചാര്‍ജ് ചുമത്തും.
ഇടത്തരക്കാരെ ലക്ഷ്യമിട്ട് ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ നികുതി കിഴിവ് കൂടി അധികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 25 ശതമാനം കോര്‍പ്പറേറ്റ് നികുതിയുടെ പരിധി 250 കോടിയില്‍നിന്ന് 400 കോടിയാക്കി ഉയര്‍ത്തിയത് കോര്‍പ്പറേറ്റുകള്‍ക്ക് ആഹ്ലാദം പകരും. 5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം. വൈദ്യുതി മേഖലയില്‍ ഒരു രാജ്യം ഒരു ഗ്രിഡ് നിര്‍ദ്ദേശവും ബജറ്റിലുണ്ട്.
സമീപകാലത്ത് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ. അതിന് പരിഹാരമുണ്ടാക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളൊന്നും തന്നെ ബജറ്റില്‍ ഉണ്ടായില്ല. അതേസമയം, സ്വകാര്യ നിക്ഷേപ പ്രോത്സാഹനത്തിനുള്ള നിര്‍ദേശങ്ങള്‍ തൊഴിലില്ലായ്മ പരിഹരിക്കുമെന്നുള്ള അനുകൂല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ആരോഗ്യമേഖലയില്‍ നിരവധി പ്രശ്നങ്ങള്‍ രാജ്യമൊട്ടാകെ നിലനില്‍ക്കുമ്പോഴും പരാമര്‍ശം പോലും ഉണ്ടായില്ലെന്നുള്ളത് നിരാശയുളവാക്കുന്നതാണ്.
ഒന്നും നിര്‍ദേശിക്കാതെയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണം. മാത്രവുമല്ല അടിസ്ഥാന വികസനവും സാധാരണക്കാരന്റെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള പുതിയ പദ്ധതികളൊന്നും ഇല്ലാതെ പരമ്പരാഗത രീതിയിലുള്ള ബജറ്റ് പ്രഖ്യാപനമാണ് നടത്തിയെന്ന വിമര്‍ശനമാണ് രാജ്യത്തെങ്ങും ഉയരുന്നത്.