വയനാട്ടിലെ കര്‍ഷക ആത്മഹത്യ അന്വേഷിക്കാന്‍ രാഹുലിന്റെ കത്ത്; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

പ്രധാനമന്ത്രിവരെ ആകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വയനാട്ടില്‍ നിന്നും പാര്‍ലമെന്റ് അംഗമായി മാറാനായിരുന്നു രാഹുലിന്റെ വിധി. രാജ്യത്താകെ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയ തോല്‍വിയിലും നിരാശനാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ തന്റെ അധികാര പരിധിയുള്ള കാര്യങ്ങളില്‍ അദ്ദേഹം കൃത്യമായി ഇടപെടല്‍ നടത്തുകതന്നെയാണ്.

വയനാട്ടിലെ കര്‍ഷക ആത്മഹത്യയിലാണ് രാഹുലിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കര്‍ഷകനായ വി. ദിനേഷ് കുമാര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വിശദമായി അന്വേഷിച്ച് എത്രയുംവേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി മറുപടിക്കത്തില്‍ രാഹുലിനെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയനാട്ടിലെ നിയുക്ത എം.പി. എന്ന നിലയില്‍ ആദ്യത്തെ ഇടപെടലാണ് രാഹുല്‍ഗാന്ധി നടത്തിയത്. ഇതിനാണ് മുഖ്യമന്ത്രിയില്‍നിന്ന് അനുകൂല പ്രതികരണമുണ്ടായത്. ദിനേഷ് കുമാറിന്റെ കുടുംബത്തിന് സാമ്പത്തികസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി രാഹുലിനെ അറിയിച്ചു.

വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വലയുന്ന കേരളത്തിലെയും രാജ്യത്തെയും കര്‍ഷകരുടെ പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി മറുപടിക്കത്തില്‍ പറഞ്ഞു. പാവപ്പെട്ട കര്‍ഷകരുടെ വസ്തുവകകള്‍ ജപ്തിചെയ്യുന്ന സര്‍ഫാസി നിയമത്തിനെതിരേ പാര്‍ലമെന്റില്‍ യോജിച്ച പോരാട്ടത്തിന് തങ്ങളോടൊപ്പം ചേരാന്‍ രാഹുലിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.

ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി ഫോണില്‍ സംസാരിച്ചശേഷമാണ് രാഹുല്‍ കത്തയച്ചത്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതുമൂലമുണ്ടായ സമ്മര്‍ദവും വിഷമവും കാരണമാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായി രാഹുല്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

കാര്‍ഷിക വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും വായ്പ തിരിച്ചടവിനായി ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായി രാഹുല്‍ഗാന്ധി കത്തില്‍ പറഞ്ഞു.

എന്നാല്‍, രാഹുല്‍ഗാന്ധിക്ക് അറിയാവുന്നതുപോലെ, ജപ്തിനടപടികള്‍ നിര്‍ത്തിവെച്ച് കര്‍ഷകരെ സഹായിക്കാനുള്ള നിരന്തരശ്രമത്തിലാണ് കേരളസര്‍ക്കാരെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

Top