ന്യൂഡല്‍ഹി: ഗോവധം നടത്തിയെന്നും ഗോമാം സം കഴിച്ചെന്നും ആരോ പിച്ചു ജനക്കൂട്ടം അടിച്ചു കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും കണ്ടെടുത്തത് ഗോമാംസം അല്ലെന്നു ഫോറന്‍സിക് പരിശോധനാ ഫലംപുറത്തു വന്നു. ഗോമാംസം അല്ലെന്നു വിവരം ലഭിച്ചിട്ടുണ്ടെന്ന് നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.പി സിംഗ് ആണ് വ്യക്തമാക്കിയത്.അതേസമയം ഗോമാംസം കഴിച്ചെന്ന് ആരോപിച്ച് മുസ്ലിം കുടുംബത്തിലെ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ക്ഷേത്രത്തിലെ പൂജാരിക്ക് പങ്കെന്ന് പൊലീസ്. ഗൃഹനാഥനെ കൊലപ്പെടുത്തിയതില്‍ പൂജാരിക്കും രണ്ട് യുവാക്കള്‍ക്കുമാണ് മുഖ്യപങ്കുള്ളതെന്ന് പൊലീസ് പറഞ്ഞു.മുസ്ലിം കുടുംബത്തിന് നേരെ ആക്രമത്തിന് ആഹ്വാനം ചെയ്യാന്‍ പൂജാരിയെ പ്രേരിപ്പിച്ചതെന്ന് യുവാക്കളാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറിലും ഇവരുടെ വീട്ടില്‍നിന്നു കണ്ടെടുത്തതു ഗോമാംസം ആണെന്നു പറഞ്ഞിട്ടില്ല. ഗോവധം നടത്തിയെന്നത് വെറും ആരോപണം മാത്രമായിരുന്നെന്നും പോലീസ് പറയുന്നു.
കേസില്‍ പത്തു പ്രധാന പ്രതികളും നൂറോളം തിരിച്ചറിയാനാകാത്തവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതുവരെ ഏഴു പേര്‍ പിടിയിലായി. പൂജാരിയെയും മൈക്ക് അനൗണ്‍സ്‌മെന്റിന് അയാളെ നിര്‍ബന്ധിച്ച രണ്ടു യുവാക്കളുമാണു പ്രധാന പ്രതികളെന്നും പോലീസ് സൂപ്രണ്ട് സഞ്ജയ് സിംഗ് പറഞ്ഞു. മജിസ്‌ട്രേറ്റ് തല അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് എന്‍.പി സിംഗും അറിയിച്ചു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതിനിടെ മുഹമ്മദിനെ അടിച്ചുകൊന്ന സംഭവം അപകടമാണെന്നു കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. സംഭവത്തിനു വര്‍ഗീയ നിറം നല്‍കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. സംഭവസ്ഥലത്തോടു ചേര്‍ന്ന നോയിഡയില്‍ നിന്നുള്ള എംപി കൂടിയാണ് മഹേഷ് ശര്‍മ. അക്രമത്തിനിരയായ കുടുംബം ഭയം മൂലം ഗ്രാമം വിടാന്‍ ഒരുങ്ങുമ്പോഴാണു വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
തെറ്റിദ്ധാരണയാണ് അക്രമത്തിനു പിന്നിലെന്നാണു മഹേഷ് ശര്‍മയുടെ ന്യായീകരണം. ഇതിന് ഉത്തരവാദികളായവരെയും സത്യാ വസ്ഥയും നിയമത്തിലൂടെ തെളിയിക്കും. അക്രമണത്തിനിരയായ കുടുംബത്തോടു ചേര്‍ന്ന് ഒരേ മതിലിന് ഇരുവശത്തുമായി ഇതേ സമുദായത്തില്‍പ്പെട്ട രണ്ടു കുടുംബങ്ങള്‍ കൂടി താമസിക്കുന്നുണ്ട്. ഗ്രാമാതിര്‍ത്തിക്കു പുറത്ത് ഇതേ വിഭാഗത്തില്‍പ്പെട്ട 12 കുടുംബ ങ്ങളുമുണ്ട്. അവര്‍ക്കൊന്നും ഒരു പ്രശ്‌നവുമില്ലെന്നാണു മന്ത്രി പറഞ്ഞത്. മഹേഷ് ശര്‍മയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. മന്ത്രിയെ പുറത്താക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
തന്റെ പിതാവിനെ കൊന്നവര്‍ക്കു തക്ക ശിക്ഷ കിട്ടണമെന്ന് ഇന്ത്യന്‍ വായുസേനയില്‍ ജോലി ചെയ്യുന്ന മുഹമ്മദിന്റെ മകന്‍ സര്‍താജ് ആവശ്യപ്പെട്ടു. സര്‍താജിന്റെ സഹോദരന്‍ ഡാനിഷ് അക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. സംഭവ ത്തില്‍ അറസ്റ്റിലായവര്‍ തന്റെ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്തിനാണെന്നു വ്യക്തമാക്കണമെന്നും സര്‍താജ് പറഞ്ഞു. ഇനി ഈ ഗ്രാമത്തില്‍ ആരും ഇതു പോലെ ഇരയാകാതിരിക്കാന്‍ കുറ്റവാളികള്‍ക്കു ഉചിതമായ ശിക്ഷ ലഭ്യമാക്കണമെന്നും സര്‍താജ് പറഞ്ഞു.
അക്രമത്തില്‍ അറസ്റ്റിലായവര്‍ക്കു പ്രത്യേക വര്‍ഗീയ സംഘടനകളുമായി ബന്ധങ്ങളൊന്നുമില്ലെന്നും എന്നാല്‍, തീവ്ര ഹിന്ദുത്വ നിലപാടുകള്‍ ഉള്ള യുവാക്കളാണെന്നുമാണ് ജില്ലാ മജിസ്‌ട്രേറ്റ് മാധ്യമങ്ങളോടു വ്യക്തമാക്കിയത്. ഇത്തരം സംഭവങ്ങള്‍ മുസാഫിര്‍ നഗറിലേതു പോലുള്ള വര്‍ഗീയ സംഘര്‍ഷങ്ങളിലേക്കു വഴിമാറാനിടയുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി.