പി എസ് സി പരീക്ഷയില്‍ ക്രമക്കേട് നടത്തി; യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിലെ പ്രതികള്‍ കുറ്റം സമ്മതിച്ചു

യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ ശിവരഞ്ജിതും നസീമും പ്രണവും പി എസ് സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി സമ്മതിച്ചു. ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. ജയിലില്‍ വെച്ചായിരുന്നു ഇവരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. ആദ്യം കുറ്റം നിഷേധിച്ച ഇവര്‍ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണമികവിന് മുന്നിലാണ് കീഴടങ്ങിയത്. പിഎസ്സിയുടെ അതേ ചോദ്യപ്പേപ്പറിലെ ചോദ്യങ്ങള്‍ ഇവരോട് നേരിട്ട് ചോദിച്ചാണ് ക്രൈംബ്രാ‍ഞ്ച് പ്രതികളെ കുടുക്കിയത്. നേരിട്ട് ചോദിച്ചപ്പോള്‍ ഇവര്‍ എഴുതിയ പരീക്ഷയിലെ ഒറ്റ ചോദ്യത്തിന് പോലും ഉത്തരം നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തൊട്ടടുത്തിരുന്നവരുടെ ഉത്തരപ്പേപ്പര്‍ നോക്കിയെഴുതി എന്നായിരുന്നു മറുപടി. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ അവരുടെയൊന്നും പേരില്ലല്ലോ എന്ന് ചോദിച്ചതോടെ വീണ്ടും കള്ളി പൊളിഞ്ഞു. ഇവര്‍ക്ക് പരീക്ഷാഹാളില്‍ അയച്ചുകൊടുത്ത മെസേജുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ കൂടി അന്വേഷണസംഘം കാണിച്ചതോടെ നില്‍ക്കക്കള്ളിയില്ലാതെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Top