ഇടുക്കി: സിനിമാതാരം ഉണ്ണി മുകുന്ദൻ പ്രതിയായുള്ള കേസ് നാളെ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ തുടങ്ങും. ഉണ്ണിമുകുന്ദൻ സിനിമ മേഖലയിലുള്ള യുവതിയെ വീട്ടിൽ വച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ഓഗസ്റ്റ് 28 നു ഉച്ചകഴിഞ്ഞു 3.30 നു നടന്‍റെ ഇടപ്പള്ളിയിലുള്ള വീട്ടിൽ വച്ച് മാനഭംഗ ശ്രമം നടന്നുവെന്നാണ് പരാതി. പോലീസിൽ പരാതി നൽകാതെ രണ്ടുമാസത്തിന് ശേഷം കോടതിയിൽ നേരിട്ട് അഭിഭാഷകൻ മുഖേനയാണ് യുവതി പരാതി നൽകിയത്. ഇതേ സമയം തന്നെ അപമാനിക്കാനും സിനിമാ ജീവിതം തകർക്കാനും മറ്റു ചിലരുമായി ഗൂഢാലോചന നടത്തി യുവതി കള്ളക്കേസ് ചമച്ചതാണെന്നാണ് ഉണ്ണി മുകുന്ദൻ ആരോപിക്കുന്നത്. ദുബായിലുള്ള അഭിഭാഷകൻ ഫെലിക്സ്, സിനിമാപ്രവർത്തകൻ എന്നവകാശപ്പെടുന്ന അലക്സ്, റിനോയ്, എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളാണെന്നു ഉണ്ണി മുകുന്ദൻ ആരോപിക്കുന്നു. ഇതിനിടെ ഉണ്ണി മുകുന്ദന്‍റെ പിതാവ് മുകുന്ദൻ ഡിജിപി ലോക്നാഥ് ബഹ്റക്ക് ഒക്ടോബർ നാലിനു നൽകിയ പരാതി പ്രാഥമിക അന്വേഷണത്തിന് പാലക്കാടു ജില്ലാ പോലീസ് ചീഫിന് കൈമാറിയിരുന്നു. ഇതേ ത്തുടർന്ന് ഒറ്റപ്പാലം പോലീസ് നാലുപേരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു പ്രാഥമിക അന്വേഷണം നടത്തിയശേഷം എറണാകുളം ചേരാനല്ലൂർ പോലീസിന് കൈമാറുകയും അവർ യുവതിയെയും മറ്റു മൂന്നു പേരെയും പ്രതികളാക്കി കേസ് എടുത്തിട്ടുമുണ്ട്.