അടച്ചിട്ട കോടതിയില്‍ യുവതിയുടെ മൊഴി; നടപടി ക്രമങ്ങള്‍ ഒന്നര മണിക്കൂര്‍ നീണ്ടു; പീഡനക്കേസില്‍ ഉണ്ണിമുകുന്ദന്‍ കുരുക്കിലേക്ക്

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ് കൂടുതല്‍ കരുക്കിലേക്ക്. പരാതി നല്‍കിയ യുവതിയുടെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

ഉണ്ണിമുകുന്ദന്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങള്‍. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് കോടതിയിലെത്തിയ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. അടച്ചിട്ട കോടതിയില്‍ നടപടിക്രമങ്ങള്‍ ഒന്നര മണിക്കൂറോളം നീണ്ടു. യുവതിയെ വിസ്തരിക്കാന്‍ പ്രതിഭാഗം അനുവാദം ചോദിച്ചെങ്കിലും കോടതി ഇതംഗീകരിച്ചില്ല.

കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. സിനിമയുടെ കഥ പറയാനായി ക്ഷണിച്ചതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്റെ ഫ്ളാറ്റിലെത്തിയ തന്നെ നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ചിരുന്നു. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. നടന്റെ ജാമ്യം റദ്ദാക്കണമെന്ന് യുവതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഉണ്ണി മുകുന്ദനെക്കുറിച്ച് നല്ലത് മാത്രമാണ് കേട്ടിരുന്നതെന്നും എന്നാല്‍, അദ്ദേഹത്തിന്റെ പ്രവൃത്തി മകള്‍ക്ക് കടുത്ത ആഘാതമുണ്ടാക്കിയെന്നും പരാതിക്കാരിയായ യുവതിയുടെ പിതാവ് പറഞ്ഞു. ഇവരുടെ കുടുംബം വര്‍ഷങ്ങളായി വിദേശത്താണ്. ആറാം വയസു മുതല്‍ യുവതി പഠിച്ചതും വളര്‍ന്നതുമെല്ലാം വിദേശത്താണ്. സംഭവത്തെ തുടര്‍ന്നാണ് താനടക്കമുള്ള കുടുംബാംഗങ്ങള്‍ നാട്ടിലെത്തിയതെന്നും യുവതിയുടെ പിതാവ് വ്യക്തമാക്കി.

എച്ച്ആര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന യുവതി താനെഴുതിയ തിരക്കഥ സിനിമയാക്കുന്നതിന് വേണ്ടിയാണ് ഓഗസ്റ്റില്‍ കേരളത്തിലെത്തിയത്. ‘അവള്‍ രണ്ടു തിരക്കഥകള്‍ എഴുതിയിരുന്നു. ദുബായിലെ ഒരു പ്രൊഡക്ഷന്‍ കമ്പനിയ്ക്ക് അതിഷ്ടമായതിനെ തുടര്‍ന്ന് സിനിമയാക്കാമെന്ന് സമ്മതിച്ചു. സിനിമയിലേക്ക് ഉണ്ണി മുകുന്ദന്റെ ഡേറ്റ് കിട്ടുമോ എന്നറിയാനാണ് അവള്‍ അദ്ദേഹത്തെ കാണാനെത്തിയത്’ -യുവതിയുടെ പിതാവ് പറഞ്ഞു.

അതേസമയം, യുവതിയ്ക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നടന്‍ പരാതിയില്‍ പറഞ്ഞിരുന്നു.

Top