ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുടുങ്ങും!! കന്യാസ്ത്രീകളുടെ നിര്‍ണ്ണായക മൊഴി പോലീസിന്; പ്രാര്‍ത്ഥനയ്ക്കിടെ മോശം അനുഭവം

ജലന്ധര്‍: ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പിനെതിരെ നിര്‍ണ്ണായക മൊഴി പോലീസിന്. ജലന്ധര്‍ ബിഷപ്പ് ഫരാങ്കോ മുളയ്ക്കലിനെതിരെയാണ് മൊഴി ലഭിച്ചത്. മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്ര ആസ്ഥാനത്തുനിന്നുള്ള കന്യാസ്ത്രീകളാണ് കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന മൊഴി നല്‍കിയത്.

‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പേരില്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ നടത്തിയിരുന്ന പ്രാര്‍ഥനയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായതായാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രാര്‍ഥനയുടെ പേരില്‍ അര്‍ധരാത്രിയില്‍ പോലും ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പ്രാര്‍ഥനാ പരിപാടി സഭ നിര്‍ത്തിവച്ചതായും കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

ബിഷപ്പിനെതിരായ ലൈംഗിക പീഡനപരാതി അന്വേഷിക്കുന്ന വൈക്കം ഡി വൈ എസ് പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു മുമ്പാകെയാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയത്. ബിഷപ്പിനെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ അന്വേഷണസംഘത്തിനു മുമ്പാകെ ഈ കന്യാസ്ത്രീകള്‍ നല്‍കിയിരിക്കുന്ന മൊഴികള്‍.

മദര്‍ ജനറാള്‍ ഉള്‍പ്പെടെ ആറു കന്യാസ്ത്രീകളുടെ മൊഴികളാണ് ശനിയാഴ്ച അന്വേഷണസംഘം എടുത്തത്. ഇതില്‍ നാലു പേരാണ് ബിഷപ്പിനെതിരേ മൊഴി നല്‍കിയിരിക്കുന്നത്.

2014ലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയനോടൊപ്പം ഒരു ദിവസം (എ ഡേ വിത്ത് ഷെപ്പേഡ്) എന്ന പരിപാടി ആവിഷ്‌കരിക്കുന്നത്. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ക്കു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാര്‍ഥനായജ്ഞം എന്ന രീതിയിലായിരുന്നു പരിപാടി നടപ്പാക്കിയിരുന്നത്.

പകല്‍ മുഴുവന്‍ ബിഷപ്പിനൊടൊപ്പം കന്യാസ്ത്രീകള്‍ പ്രാര്‍ഥനാ യജ്ഞത്തില്‍ പങ്കെടുക്കുകയും സന്ധ്യയാകുന്നതോടെ കന്യാസ്ത്രീകള്‍ ഓരോരുത്തരായി ബിഷപ്പിനെ പ്രത്യേകമായി കാണണമെന്നും പരിപാടിയില്‍ വ്യവസ്ഥയുണ്ടായിരുന്നു. അര്‍ധരാത്രിയില്‍ വരെ ബിഷപ്പിന്റെ മുറിയിലേക്ക് പോകേണ്ടി വന്നിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്. പലപ്പോഴും ബിഷപ്പില്‍നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കന്യാസ്ത്രീകളെ കൂടാതെ നാലു വൈദികരും അന്വേഷണസംഘത്തിനു മൊഴി നല്‍കി. കന്യാസ്ത്രീകളുടെ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്ന മൊഴികളാണ് ഇവരും നല്‍കിയിരിക്കുന്നത്. ഒന്നോ രണ്ടോ തവണ മാത്രമാണ് ഇടയനോടൊപ്പം ഒരു ദിവസം എന്ന പരിപാടി നടത്തിയിട്ടുള്ളത്. ഇതിനോടകം തന്നെ പരിപാടിയെ കുറിച്ച് വ്യാപകമായി ആക്ഷേപമുയരുകയും സഭാനേതൃത്വം ഇടപെട്ട് പരിപാടി നിര്‍ത്തിവയ്ക്കുകയുമായിരുന്നു.

Top