ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പിടിയില്‍; യുവതി ഗര്‍ഭിണിയായപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഗര്‍ഭവും അലസിപ്പിച്ചു

കഴക്കൂട്ടം: ടെക്നോപാർക്ക് ജീവനക്കാരിയായ അന്ധ്രാപ്രദേശ്, വിജയവാഡ സ്വദേശിനിയായ യുവതിയെ 2015 ഡിസംബര്‍ മുതല്‍ പ്രണയം നടിച്ച് കൂടെ താമസിപ്പിച്ച് പീഡനത്തിന് വിധേയമാക്കിയ തെലുങ്കാന സ്വദേശിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്കാന ഖമ്മം ഇന്ദിരാ നഗർ സ്വദേശി മോഹൻ സിംഗ് ഠാക്കൂർ ( 28) ആണ് അറസ്റ്റിലായത്.

2015 നവംന്പറിൽ ടെക്നോപാർക്കിൽ ജോലിയിൽ പ്രവേശിച്ച യുവതിയുമായി അതേ കമ്പനിയിൽ തന്നെ ജോലി നോക്കുന്ന പ്രതി പ്രണയത്തിലാകുകയും തുടർന്ന് വിവാഹം കഴിച്ചുകൊള്ളാം എന്ന് പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. 2015 ഡിസംബർ മുതൽ പല പ്രാവശ്യം യുവതിയെ പ്രലോഭിപ്പിച്ച് പ്രതിയുടെ ഫ്ളാറ്റിൽ താമസിപ്പിക്കുകയും അവിടെവച്ച് പീഡിപ്പിക്കുകയുമാണ് ചെയ്തത്.

ഈ സമയത്ത് നാട്ടിൽ യുവാവിന് വേറെ വിവാഹത്തിന്‍റെ ഒരുക്കങ്ങൾ നടക്കുകയായിരുന്നു. ഈ സമയത്തിനിടയിൽ തന്നെ പരാതിക്കാരി ഗർഭിണിയാവുകയും ചെയ്തു. വിവരം അറിഞ്ഞ പ്രതി രഹസ്യമായി ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗർഭം അലസിപ്പിക്കുകയും ചെയ്തു. യുവതി കഴക്കൂട്ടം സൈബർ സിറ്റി അസ്സിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസിൽ പരാതിയുമായി എത്തുന്ന സമയത്താണ് പോലീസ് വിവരം അറിയുന്നത്.തുടർന്ന് കേസ് എടുത്ത ശേഷം നടത്തിയ അസൂത്രിത നീക്കത്തിലാണ് തെലുങ്കാനയിലെ നക്സൽ മേഖലയിൽ നിന്നും കഴക്കൂട്ടം സൈബർ സിറ്റി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സൈബർ സിറ്റി അസിസ്റ്റന്‍റ് കമ്മീഷണർ എ. പ്രമോദ് കുമാറിന്‍റെ നേതൃത്വത്തിൽ കഴക്കൂട്ടം പോലീസ് ഇൻസ്പെക്ടർ എസ്. അജയ് കുമാർ കഴക്കൂട്ടം പോലീസ് സ്റ്റേഷൻ അഡീഷണൽ എസ്ഐ ഷാജി, തുന്പ പോലീസ് സ്റ്റേഷനിലെ എസ്ഐ അജയകുമാർ, സിപിഒമാരായ സാജു, രഞ്ജിത്ത്, ഷിബു, ഗിരീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.

Top