സിപിഎം ഓഫീസിലെ പീഡനം: യുവതിക്കെതിരെ കേസെടുത്തു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍വെച്ച് പീഡനത്തിനിരയായെന്ന് പരാതി നല്‍കിയ യുവതിക്കെതിരെ കേസ്. പാലക്കാട് ചെറുപ്പളശ്ശേരി പോലീസാണ് കേസെടുത്തത്. നവജാത ശിശുവിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. അതേസമയം, യുവതിയുടെ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്താണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യലില്‍ യുവതി പീഡനവിവരം പുറത്തുപറയുകയായിരുന്നു. ചെറുപ്പളശ്ശേരിയിലെ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസില്‍വെച്ചാണ് പീഡനം നടന്നതെന്നും പാര്‍ട്ടിയുമായി ബന്ധമുള്ള ആളാണ് പീഡിപ്പിച്ചതെന്നുമായിരുന്നു പരാതി. മൂന്ന് മണിക്കൂറോളം പീഡനം തുടര്‍ന്നതായും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. മങ്കര പൊലീസിനായിരുന്നു പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി വിശദമായ അന്വേഷണത്തിനായി ചെര്‍പ്പുളശ്ശേരി പൊലീസിന് കൈമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ആരോപണവിധേയനായ യുവാവിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി അറിയിച്ചു. പീഡനപരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

അതിനിടെ സിപിഐഎമ്മിന്റെ ഓഫീസുകളൊക്കെ ബലാത്സംഗ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ സ്ത്രീ സുരക്ഷ ഇല്ലാതായെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Top