ദില്ലി: രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഇന്ത്യയിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അമേരിക്കൻ സന്ദർശനത്തിന് തുടക്കമാകുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിത വിമാനം എയർഫോഴ്സ് വണ്ണിലാണ് ട്രംപും ഭാര്യയും ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുള്ളത്. ജർമനിയിലെ യുഎസ് സൈനിക താവളത്തിൽ ഇറങ്ങുന്ന ട്രംപ് തിങ്കളാഴ്ച രാവിലെ ഇന്ത്യൻ സമയം 4.25നാണ് ഇന്ത്യയിലേക്ക് യാത്ര തിരിക്കുക. തുടർന്ന് 11.40ന് അഹമ്മദാബാദിലെ സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങുക.
ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിലെത്തുന്നതോടെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് തുടക്കമാകും. ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിൽ അദ്ദേഹത്തിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാങ്ക, അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമുണ്ടാകും.
അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് വൻ ജനാവലിയെ അഭിസംബോധന ചെയ്യും. അന്നുതന്നെ ആഗ്രയിലെ താജ്മഹലും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. ചൊവ്വാഴ്ച ദില്ലി സന്ദർശന വേളയിൽ ട്രംപ് പ്രധാനമന്ത്രി മോദിയെയും പ്രസിഡന്റ് രാം നാഥ് കോവിന്ദിനെയും കാണും.
അതേസമയം ഇന്ത്യയുമായുള്ള വ്യാപാര കരാർ ഇപ്പോൾ ഒപ്പിടില്ലെന്ന സൂചനയാണ് ഡൊണാൾഡ് ട്രംപ് നൽകുന്നത്. ഇന്ത്യയുമായി സുപ്രധാന കരാർ പിന്നീട് ഒപ്പിടും. എന്നാൽ അത് തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ സംബന്ധിച്ച് ഇന്ത്യയ്ക്ക് സുപ്രധാന സ്ഥാനമാണുള്ളതെന്നും ട്രംപ് പറഞ്ഞു.ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വരുന്ന സംഘത്തിൽ വാണിജ്യ സെക്രട്ടറി വിൽബർ റോസ്, ഊർജ സെക്രട്ടറി ഡാനി ബ്രൌലെറ്റ്, ആക്ടിംഗ് വൈറ്റ് ഹൌസ് ചീഫ് സ്റ്റാഫ് മിക്ക് മുൽവാനി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയൻ എന്നിവരും ഉൾപ്പെടുന്നു.
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി അഹമ്മദാബാദിലെത്തുന്ന ട്രംപിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആളുകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻ സ്വീകരമാണ് അഹമ്മദാബാദിൽ മോദിക്കായി ഒരുക്കിയിട്ടുള്ളത്. അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം 22 കിലോമീറ്റർ റോഡ് ഷോയിലാണ് പങ്കെടുക്കുന്നത്. 24, 25 തിയ്യതികളിൽ അഹമ്മദാബാദിലും ദില്ലിയിലുമായി വിവിധ പരിപാടികളിൽ പങ്കെടുത്താണ് പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പമെത്തുന്ന ട്രംപ് മടങ്ങുക.
രാഷ്ട്രപതി ഭവനിൽ ചൊവ്വാഴ്ച ട്രംപിനും സംഘത്തിനും ഔദ്യോഗിക വരവേൽപ്പും നൽകും. ഭാര്യ മെലാനിയയ്ക്ക് പുറമേ മകൾ ഇവാൻകയും മരുമകൻ ജെറാഡും യുഎസ് ഉദ്യോഗസ്ഥരുമുൾപ്പെട്ട സംഘമാണ് ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കയിൽ നിന്ന് പുറപ്പെട്ടിട്ടുള്ളത്.ചൊവ്വാഴ്ച ഹൈദരാബാദ് ഹൌസിൽ വെച്ചായിരിക്കും ഔദ്യോഗിക ചർച്ചകളും കൂടിക്കാഴ്ചകളും നടക്കുക. പുതിയ ഇന്ത്യ- അമേരിക്ക ആണവകരാറും ആയുധ കരാറുകളും ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ചർച്ചാ വിഷയമാവും.
ഇതിന് പുറമേ പൌരത്വ നിയമഭേദഗതിയും കശ്മീർ സംബന്ധിച്ച വിഷയങ്ങളും ട്രംപ് മോദിയുമായുള്ള കൂടിക്കാഴ്ചക്കിയെ ഉന്നയിക്കും.അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് പരിപാടിക്കുള്ള ഒരുക്കങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്. തിങ്കളാഴ്ചയാണ് പരിപാടി നടക്കുന്നത്.
ഇന്ത്യാ സന്ദർശനം നേരത്തെ തന്നെ ഏറ്റിരുന്ന പരിപാടിയാണെന്നും ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നുമാണ് ട്രംപ് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി പ്രതികരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേർത്തു.