ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എടുത്ത് കാട്ടി യുഎസ് യു.എസ് ആഭ്യന്തര വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വിവാദമാകുന്നു. ആള്‍ക്കൂട്ടങ്ങളും ഗോ സംരക്ഷകരും നടത്തുന്ന ആക്രമണങ്ങള്‍ തടയുന്നതിലും, മത പരിവര്‍ത്തനം, മതന്യൂനപക്ഷങ്ങള്‍ക്കുള്ള നിയമപരമായ പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ പുറകിലാണെന്ന് അമേരിക്ക റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. അതേസമയം, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആസൂതിമായ നീക്കമുണ്ടെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം തെറ്റാണെന്ന് ബി.ജെ.പിയുടെ മാദ്ധ്യമ വിഭാഗം തലവന്‍ അനില്‍ ബലൂനി പറഞ്ഞു.
ക്രിമിനല്‍ മനോഭാവമുള്ളവര്‍ ചില പ്രാദേശിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇത്തരം ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി നേതാക്കളും അതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയ്ക്ക് മോദിയോട് പക്ഷപാതപരമായ സമീപനമാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.
ഇന്ത്യ മതേതരത്വത്തില്‍ അഭിമാനിക്കുന്നുവെന്നും ഇന്ത്യന്‍ ഭരണഘടന അതിന്റെ ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന മത സ്വാതന്ത്രത്തിന് സൗരക്ഷണം നല്‍കുന്നുണ്ട്. ഒരു ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതുമാണെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.
2018ലെ മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്ന പേരിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആള്‍ക്കൂട്ടക്കൊലപാതകവും, ഗോസംരക്ഷണത്തെ ചൊല്ലിയുള്ള ആക്രമണങ്ങളും തടയുന്നതിലും കുറ്റവാളികളെ വിചാരണ ചെയ്യുന്നതിലും സര്‍ക്കാര്‍ പലപ്പോഴും പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തെറ്റാണെന്നാണ് ബി.ജെ.പിയുടെ വാദം. അമേരിക്കന്‍ വിദേശകാര്യ വകുപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാര്‍ട്ടിയോടും മുന്‍വിധിയുണ്ടെന്ന് ബി.ജെ.പി ആരോപിക്കുന്നു.